സ്വന്തം ലേഖകൻ
കല്ലടിക്കോട് (പാലക്കാട്): പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങി മൂന്നാഴ്ച പിന്നിട്ടതിനുശേഷമാണ് മലബാർ ജില്ലകളിൽ എസ്എസ്എൽസി പാസായ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന യാഥാർഥ്യം അംഗീകരിച്ച് അധികൃതർ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആവശ്യമുള്ളയിടത്തെല്ലാം പ്ലസ് വണ്‍ ക്ലാസുകളിൽ നേരത്തെ വർധിപ്പിച്ച 20 ശതമാനത്തിനു പുറമെ പത്തുശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കുന്നുവെന്നാണ് പുതിയ ഉത്തരവിന്റെ ചുരുക്കം.
അതായത് ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്ന ബാച്ചുകളിൽ അഞ്ചുപേരെ കൂട്ടിച്ചേർത്ത് ക്ലാസിലെ അംഗസംഖ്യ 65 ആക്കുന്നുവെന്ന് സാരം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹയർസെക്കൻഡറി രംഗത്ത് നടക്കുന്ന അഭ്യാസമാണിത്. 50 കുട്ടികളാണ് ഒരു ഹയർ സെക്കൻഡറി ബാച്ചിൽ നിശ്ചയിക്കപ്പെട്ട പരമാവധി അംഗസംഖ്യ. 65 ആകുന്നതോടെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കാതിരിക്കുന്നതും പഠനാന്തരീക്ഷം കലുഷിതമാകുന്നതും ലാബ്, ലൈബ്രറി സൗകര്യങ്ങൾ പ്രഹസനമാകുന്നതിനും ഇടയാകും.
മലബാർ ജില്ലകളിൽ എത്രയോ വർഷങ്ങളായി ഈ പ്രശ്നം തുടർന്നിട്ടും ഈ അശാസ്ത്രീയ പരിഹാരമല്ലാതെ മറ്റൊരു മാർഗവും കണ്ടെത്തുന്നില്ലെന്നതാണ് യാഥാർഥ്യം.എസ്എസ്.എൽസി ഫലപ്രഖ്യാപനം നടക്കുന്ന മേയ് ആദ്യവാരം തന്നെ എത്ര പഠിതാക്കൾ ഉപരിപഠനത്തിന് അർഹരാണെന്ന കൃത്യമായ കണക്ക് സർക്കാരിനു മുന്നിലുണ്ട്. അവർക്ക് ഉപരിപഠനത്തിനു എത്ര ബാച്ചുകൾ, എത്ര സീറ്റുകൾ വേണമെന്ന് കണ്ടെത്താൻ വലിയ പഠനമൊന്നും വേണ്ട.
അതേ സമയം തെക്കൻ ജില്ലകളിൽ പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് വിദ്യാർത്ഥികളെ കിട്ടാത്ത ബാച്ചുകൾ നിരവധിയാണെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്ന പല കണക്കുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ തുടങ്ങിയ സമാന്തര വിദ്യാഭ്യാസരംഗത്തെ സീറ്റുകൾ പരിഗണിക്കുന്നില്ല.
കൂടാതെ ഓപ്പണ്‍ സ്കൂൾ സൗകര്യവും ലഭ്യമാകുമെന്നിരിക്കേ അശാസ്ത്രീയ സീറ്റുവർധന നിലവാരം തകർക്കും.പല സ്കൂളുകളിലും ക്ലാസ് റൂം സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണ്. വെറും 40 കുട്ടികൾക്ക് മാത്രമിരിക്കാവുന്ന ക്ലാസ് മുറികളിൽ പ്രവർത്തിക്കുന്ന പ്ലസ് വണ്‍ ക്ലാസുകൾ നിരവധിയാണ്. അവിടേയ്ക്കാണ് 65 കുട്ടികളെ തിരുകിക്കയറ്റുന്നത്.