എഎസ്എസ്എല്‍സി പരീക്ഷയുടെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ അടുത്ത വിവാദം. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി. 60ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടതു സംഘടനയായ കെഎസ്ടിഎ( കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍) ആയിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മാര്‍ച്ച് 20ന് നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ തനിയാവര്‍ത്തനാമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.സിലബസില്‍ ഇല്ലാത്ത ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ഈ മാസം മുപ്പതിന് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ തീരുമാനിക്കുകയായിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയിലും വിവാദമുയരുന്നത്്. എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനും മലപ്പുറത്തെ സ്വകാര്യ സ്ഥാപനവും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ അധ്യാപകന്‍ ഇവിടെ പഠിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. എന്തായാലും പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യ പേപ്പര്‍ ചോര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.