മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ ഇരയായി പ്ലസ് വൺ വിദ്യാർഥികളും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്ലസ് വൺ വിദ്യാർഥികളുടെ ഫലവും തടഞ്ഞുവയ്ക്കും .ഇന്ന് പ്രഖ്യാപിക്കുന്ന പ്ലസ് വൺ പരീക്ഷ ഫലത്തിൽ ഈ രണ്ട് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല.
രണ്ട് വിദ്യാർഥികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ അധ്യാപകൻ പൂർണമായും എഴുതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഈ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ടി വരുമെന്നും ഇതിനായി ജൂലായ് മാസത്തിലോ ഓഗസ്റ്റ് മാസത്തിലോ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയിൽ അതിനുവേണ്ട സൗകര്യമൊരുക്കുമെന്നും പരീക്ഷ സെക്രട്ടറി എസ്.എസ് സ്വാമിനാഥൻ പറഞ്ഞു.
അതേ സമയം, അധ്യാപകൻ ഉത്തര ഉത്തരക്കടലാസ് തിരുത്തിയതായി കണ്ടെത്തിയ ഇതേ സ്കൂളിലെ 32 പ്ലസ് വൺ വിദ്യാർഥികളുടെയും ഫലം ഇന്ന് പ്രസീദ്ധീകരിക്കും. അധ്യാപകൻ തിരുത്തിയ ഉത്തരങ്ങളുടെ മാർക്ക് കുറച്ചാണ് ഫലം പ്രഖ്യാപിക്കുക . അധ്യാപകൻ എഴുതിയ ഉത്തരങ്ങൾക്ക് മാർക്ക് നൽകാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ മാർക്ക് കുറച്ച് ഫലം പ്രഖ്യാപിക്കുന്നത്.
ഒരു മാർക്കിന്റെ ഒന്നിലേറെ ഉത്തരങ്ങളാണ് അധ്യാപകൻ തിരുത്തിയതന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു . ഈ വിദ്യാർഥികൾക്കും വേണമെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാവുന്നതാണ് . ഹയർ സെക്കൻഡറി വകുപ്പിന്റെ നടപടി വിദ്യാർഥികളെ ഒരു കാരണവശാലും ബാധിക്കില്ലെന്നും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തയ്യാറെടുപ്പിന് ഏറെ ദിവസങ്ങളുണ്ടെന്നുമാണ് ഹയർ സെക്കന്ററി വകുപ്പിന്റെ നിലപാട് .
നീലേശ്വരം സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാർഥികളുടെ ഒന്നാം വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയും ഓഫീസിലിരുന്ന് പൂർണ്ണമായി എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായി ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ മേയ് ഒമ്പതിന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഒരു പ്ലസ് ടു വിദ്യാർഥിയുടെ നാലു ഉത്തരങ്ങൾ തിരുത്തി എഴുതിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ആ ഉത്തരങ്ങളുടെ മാർക്ക് കുറച്ച് ഫലം പ്രഖ്യാപിക്കുകയും വിദ്യാർഥി എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം സ്കൂൾ പ്രിൻസിപ്പൽ റസിയ, കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യപകൻ നിഷാദ് വി മുഹമ്മദ്, ചേന്ദമംഗല്ലുർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി.കെ. ഫൈസൽ എന്നിവരെ സസ്പെന്റ് ചെയ്യുകയും ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.