പയ്യന്നൂര്‍: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റയാളുടെ സുഹൃത്തായ കൗമാരക്കാരനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 27ന് രാത്രി പത്തേമുക്കാലോടെയാണ് കാറമേല്‍ റേഷന്‍ ഷോപ്പിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടന്നത്.
റേഷന്‍ഷോപ്പിന് സമീപത്തെ സുലൈമാന്‍- ഫൗസിയ ദമ്പതികളുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബൈത്തൂല്‍ ഹൗസില്‍ ബിലാലിനാണ്(16)ക്രൂരമായി മർദനമേറ്റതിനെ തുടര്‍ന്ന് അത്യാസന്നനിലയില്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
സ്കൂട്ടറില്‍നിന്ന് വീണതാണെന്നും സ്കൂട്ടര്‍ മതിലിലിടിച്ചതാണെന്നുമാണ് ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഇയാളെ ക്രൂരമായി മര്‍ദിച്ചതിന്റെ തെളിവുകളാണ് ശരീരമാസകലം ഉണ്ടായിരുന്നത്.
പിറ്റേദിവസം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്നും തളംകെട്ടിക്കിടക്കുന്ന രക്തം തുടച്ചു നീക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സംഭവത്തിന് പിന്നില്‍ ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് ബോധ്യമായത്. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നാലുലക്ഷത്തിലേറെ രൂപ ചെലവുവന്ന ചികിത്സയിലൂടെയാണ് ഇയാളുടെ ജീവന് രക്ഷിക്കാനായത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയാണ് തന്നെ മര്‍ദിച്ചതെന്നും കൗമാരക്കാരനായ ഇയാളുടെ സുഹൃത്താണോ സുഹൃത്തിന്റെ പിതാവാണോ മര്‍ദിച്ചതെന്ന് വ്യക്തതയില്ലെന്നുമായിരുന്നു ബിലാല്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസിന്റെ അന്വേഷണത്തിനിടയിലാണ് ബിലാലിന്റെ കൗമാരക്കാരനായ സുഹൃത്തിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.