മൂന്നാറില് കുതിരസവാരി നടത്തുന്നതിനിടയില് പ്ലസ്ടു വിദ്യാര്ഥിനിയ്ക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു.
വിനോദസഞ്ചാരത്തിനായി മൂന്നാറില് എത്തിയ മലപ്പുറം കോട്ടയ്ക്കല് സ്വദേശിനിക്കാണ് കടിയേറ്റത്.
മാട്ടുപ്പട്ടി റോഡില് പെട്രോള് പമ്പിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒന്പതംഗ സംഘം മാട്ടുപ്പെട്ടി സന്ദര്ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
പമ്പിന് സമീപം വാഹനം നിര്ത്തിയ ശേഷം പെണ്കുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണ് പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്.
പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്നു നല്കിയശേഷം കുട്ടിയെ ബന്ധുക്കള് നാട്ടിലേക്ക് കൊണ്ടുപോയി.
മാതാപിതാക്കള് പരാതിപ്പെടാത്തതിനാല് കേസെടുത്തിട്ടില്ല. ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, ഇക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കൂടുതല് പേര് കുതിരസവാരി നടത്തുന്നത്.
പലതും അനുമതിയില്ലാത്തതാണ്. അനധികൃത കുതിരസവാരിക്കെതിരേ പോലീസ് നോട്ടീസ് നല്കിയിരുന്നെങ്കിലും അത് ഇപ്പോഴും നിര്ബാധം തുടരുകയാണ്.