തൊടുപുഴ: പ്ലസ്ടു പരീക്ഷയുടെ ആദ്യദിനം വിദ്യാർഥികൾക്ക് സമ്മാനിച്ചത് കയ്പ് നിറഞ്ഞ അനുഭവം. പ്ലസ് വണ്ണിന് എപ്ലസ് ലഭിച്ചവർക്കുപോലും കഠിനമായിരുന്നു ചോദ്യങ്ങൾ. ശരാശരി നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷ പാസാകുമോയെന്ന കാര്യത്തിൽ ആശങ്കനിലനിൽക്കുകയാണ്. വിഭ്യാഭ്യാസ വകുപ്പ് കനിഞ്ഞില്ലെങ്കിൽ നല്ലൊരുശതമാനം വിദ്യാർഥികൾക്കും വിജയിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ആദ്യത്തെ ഏതാനും ചോദ്യങ്ങൾക്ക് മാത്രമാണ് എളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുമായിരുന്നത്. ചുട്ടുപൊള്ളുന്ന വേനൽചൂടിനൊപ്പം ആദ്യദിനത്തിലെ പരീക്ഷ അതികഠിനമായതോടെ ഇനിയുള്ള പരീക്ഷ എങ്ങനെയായിരിക്കുമെന്ന ചിന്ത വിദ്യാർഥികളെ അലട്ടുന്നുണ്ട്. മോഡൽ പരീക്ഷയുടെ ചോദ്യം പോലെ അവസാന പരീക്ഷയുടെ ചോദ്യങ്ങൾ തങ്ങളെ വലയ്ക്കില്ലെന്ന വിദ്യാർഥികളുടെ പ്രതീക്ഷയ്ക്കാണ് ഇതൊടെ മങ്ങലേറ്റിരിക്കുന്നത്.