കൂത്താട്ടുകുളം: വിഷം ഉള്ളിൽച്ചെന്ന് 16 വയസ്സുകാരി മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. രാമപുരം സ്വദേശിയായ 23 കാരനാണ് പോലീസ് പിടിയിലായത്. ഈ മാസം പത്തിനാണ് പെൺകുട്ടി മരിച്ചത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി കോട്ടയം തെള്ളകത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ വിഷമുള്ളതാണ് മരണകാരണം എന്ന് കണ്ടെത്തി.
തുടർന്ന് പോലീസ് മരണപ്പെട്ട പെൺകുട്ടിയുടെ റൂമിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് യുവാവിലേക്ക് എത്തിയത്. കസ്റ്റഡിയിലായ യുവാവും പെൺകുട്ടിയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
സംഭവത്തിൽ പോലീസ് യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാർ ഷോറൂമിലെ മാനേജരായി ജോലി ചെയ്ത് വരികയാണ്.
പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി. വിജയന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ് ഐ രാജു പോൾ, എ എസ് ഐ മനോജ് കുമാർ, എസ് സിപിഒ മാരായ ആർ. രെജീഷ്, മഞ്ജുശ്രീ, സിപിഒ പി.കെ.മനോജ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.