ഭരണങ്ങാനം: ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥി കെ.എസ്. മാത്യൂസിന് കോടതി ഉത്തരവിലൂടെ 1200ൽ 1200 മാർക്കും ലഭിച്ചു.
പ്ലസ്ടു റിസൾട്ട് വന്നപ്പോൾ 1198 മാർക്കാണ് മാത്യൂസിന് ലഭിച്ചിരുന്നത്. രണ്ടു മാർക്ക് നഷ്ടമായ പൊളിറ്റിക്സ് പരീക്ഷയുടെ സ്ക്രൂട്ടിനിയും റിവാല്യുവേഷനും നടത്തിയിട്ടും ഫലമുണ്ടായില്ല.
ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോൾ രണ്ടു മാർക്കിനു കൂടി അർഹതയുണ്ടന്ന് ഉറപ്പാവുകയും തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
പരാതിക്കാരനായ മാത്യൂസിനു രണ്ടു മാർക്കിനുകൂടി അർഹതയുണ്ടെന്നു കണ്ടെത്തിയ കോടതി അനുകൂലമായ വിധി പ്രസ്താവിച്ചു.
തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഓൺലൈൻ ഹിയറിംഗ് നടത്തി മാത്യൂസിന്റെ പരാതി കേട്ട് അർഹതപ്പെട്ട രണ്ടു മാർക്ക് കൂടി നല്കി ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.
പരാതിക്കാരനു വേണ്ടി അഡ്വ. ജോർജുകുട്ടി വെട്ടത്തേൽ കോടതിയിൽ ഹാജരായി. ഐഎഎസ് ലക്ഷ്യമാക്കി പഠനം തുടരുന്ന കെ.എസ്. മാത്യൂസിനെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പിടിഎ യും അഭിനന്ദിച്ചു.