പെരുമ്പാവൂർ: കീഴില്ലം ത്രിവേണിയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. നാല് കോടിയിലധികം രൂപയുടെ നാശനഷ്ടം. ഇന്നലെ രാത്രി 10.20 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
അഗ്നിരക്ഷാ സേനയുടെ പതിനേഴ് യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമപ്പെട്ട് ഇന്ന് രാവിലെ എട്ടോടെയാണ് തീയണക്കാനായത്. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ കെ. ഹരികുമാർ, പെരുമ്പാവൂർ ഓഫീസർ ടി.കെ. സുരേഷ് മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ഓളം ജീവനക്കാരാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ , കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു.
പെരുമ്പാവൂർ സ്വദേശി കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. കമ്പനിയിലെ വിനീർ ഉൾപ്പെടെ യാന്ത്ര സാമഗ്രികളും കത്തി നശിച്ചു.
കമ്പനിക്കകത്ത് തൊഴിലാളികൾ ഉണ്ടാകാത്തതിനാൽ ആൾ അപായം ഉണ്ടായില്ല. സമീപത്തെ കമ്പനികൾക്ക് തീപിടിക്കാതെ അഗ്നിരക്ഷാ സംഘം മുൻ കരുതൽ എടുത്തിരുന്നു. വൈദ്യതി ബന്ധം തകരാറിലായതും തീയണക്കാൻ പ്രയാസമായി.