മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ഫോട്ടോ പതിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു.
ഈ പദ്ധതിക്കു കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ടു ടൈലുകളില്‍ മോദിയുടെയും ശിവരാജ് സിംഗ് ചൗഹാന്റെയും ഫോട്ടോ പതിക്കണമെന്നാണ് ഉത്തരവ്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതിയെ രാഷ്ട്രീയവത്കരിക്കുകയാണ് സര്‍ക്കാര്‍ എന്നാരോപിച്ച് പ്രതിപക്ഷം ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീട്ടില്‍ രണ്ടു ടൈലുകളുണ്ടാവണം. അതില്‍ ഒന്നില്‍ ‘സബ്കാ സ്പാ, ഘര്‍ ഹോ അപ്നാ’ എന്ന് മുകളില്‍ ഹിന്ദിയില്‍ എഴുതിയിരിക്കണം.
രണ്ടു ടൈലിന്റെയും മധ്യഭാഗത്ത് ‘പ്രധാനമന്ത്രി ആവാസ് യോജന’ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതണം. ഒപ്പം പദ്ധതിയുടെ ലോഗോയും വയ്ക്കണം. ലോഗോയുടെ ഇടതുഭാഗത്ത് പ്രധാനമന്ത്രിയുടെയും വലതുഭാഗത്ത് മുഖ്യമന്ത്രിയുടെയും പടംവയ്ക്കണമെന്നാണ് നിര്‍ദേശം.
ടൈലുകളില്‍ ഒന്ന് അടുക്കളയുടെ ചുമരിലും മറ്റേത് പ്രവേശന കവാടത്തിലും സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ നാലിന് അര്‍ബന്‍ അഡ്മിനിസ്ട്രേഷന് ആന്റ് ഡവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇതു പറയുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന എല്ലാ വീടുകളിലും രണ്ട് സെറാമിക് ടൈലുകള്‍ ഉറപ്പുവരുത്താന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.