ചിങ്ങവനം: ഗൃഹപ്രവേശത്തിന് സുഹൃത്തിന്റെ വീട്ടിൽ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായതായി പോലീസ്.
പാത്താമുട്ടം പാന്പൂരാംപാറ പള്ളിക്കുന്നേൽ പരേതനായ മത്തായിയുടെ മകൻ പി.എം.ബിജു (35)വിനെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ തലയിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
ഇത് വീണുണ്ടായതാണെന്നും മറ്റു സംശയമൊന്നുമില്ലെന്നുമാണ് ഇപ്പോൾ പോലീസ് പറയുന്നത്.
പരുത്തുംപാറ സദനം കവലയ്ക്ക് സമീപം സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് വീടിന് മുന്നിലെ സ്റ്റേജിൽ കിടന്നുറങ്ങിയ ബിജു പത്തടി താഴ്ചയിലേക്ക് തലകുത്തി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് ചിങ്ങവനം എസ്ഐ, അനൂപ് സി.നായർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേ സെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: പാന്പാടി ചെറുകുന്നിൽ സിമി. മകൾ: ബെക്സി.