നോട്ട് നിരോധനം ഒറ്റരാത്രി കൊണ്ട് എടുത്തതല്ലെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഒരു വര്‍ഷം എടുത്തിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും മറ്റും എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2016 നവംബര്‍ 8ന് രാത്രിയിലാണ് 500, 1000 എന്നീ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ട് നിരോധനം അനിവാര്യമായിരുന്നു. പാളം മാറ്റുമ്പോള്‍ തീവണ്ടിക്ക് ഒരല്‍പ്പം വേഗത കുറയ്ക്കേണ്ടിവരുമെന്നും അഭിമുഖത്തിനിടെ മോദി പറഞ്ഞു. നോട്ട് നിരോധനം രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്.
കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് പിഴയടച്ച് നിയമവിധേയമാക്കാനുള്ള അവസരം ഒരു വര്‍ഷം മുമ്പേ നല്‍കിയിരുന്നു. എന്നാല്‍ ഈ അവസരം കുറച്ച് പേര് മാത്രമാണ്
ഉപയോഗപ്പെടുത്തിയത്. പണത്തിന്റെ വിനിമയം മുഖ്യധാരയില്‍ സജീവമാക്കുന്നതിന് നോട്ടുനിരോധനം ആവശ്യമായിരുന്നു. നോട്ട് നിരോധനത്തോടെ ചാക്കുകളില്‍ കെട്ടിസൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കുകളിലേക്ക് തിരികെയത്തി. കൂടാതെ ഇപ്പോള്‍ കൂടുതല്‍ പേര് നികുതി നല്കാന് മുന്നോട്ട് വരുന്നുണ്ടെന്നും മോദി വ്യക്തമാക്കി. പോലീസ് മഫ്തിയിലും മാറി നിന്നുമാണ് സുരക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.