അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. അബുദാബി-ദുബായ് പ്രധാന ഹൈവേയോടു ചേർന്ന് അബു മുറൈഖയിലാണ് ക്ഷേത്രം.
അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.
ഊഷ്മള സ്വീകരണത്തിനു നന്ദി പറയുകയാണെന്നു പറഞ്ഞ മോദി ഇവിടെ വരുമ്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരമാണുള്ളതെന്നു വിശദീകരിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി കൂടിക്കാഴ്ച നടത്തി.
തുടർന്ന് സയ്യിദ് സ്പോർട്ട് സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന അഹ്ലൻ മോദി സമ്മേളനവും നടന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറ്റന്‍പതിലേറെ ഇന്ത്യൻ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.