മുംബൈ: നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം പി എം മോദി കാണാൻ ആളില്ലെന്ന് റിപ്പോർട്ട്. ഏറെ വാർത്താപ്രാധാന്യത്തോടെ റിലീസിനെത്തുന്ന ചിത്രങ്ങൾക്കുണ്ടാകുന്ന തളളിക്കയറ്റം ഒരു തിയറ്ററിലും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് പ്രചരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിയാണ് ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം തുടങ്ങിയത്. ആദ്യഘട്ട വോട്ടെടുപ്പ് സമയം റിലീസ് നിശ്ചയിച്ച ചിത്രം തെരഞ്ഞെടുപ്പ് ചട്ടക്കുരുക്കിൽ പെട്ടിയിൽ പെട്ടു. ചിത്രത്തിൻറെ പ്രമോഷനുകളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യവും സ്ക്രീനിലും പിന്നിലും ഭാഗമായവരുടെ ബി ജെപി പശ്ചാത്തലവും ചർച്ചയായി.
എതിർപ്പുകൾ ഉയർന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും റിലീസ് തടഞ്ഞു. ഒന്നര മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിവേക് ഒബ്റോയിയാണ് മോദിയായി എത്തുന്നത്. മേരി കോം ഒരുക്കിയ ഒമുംഗ് കുമാറാണ് സംവിധായൻ. വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.