കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു മുതൽ ആരംഭിച്ച ജനകീയതെരച്ചിലിന്റെ സമയം അധികൃതർ വെട്ടിക്കുറച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങളിൽ എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണു ജനകീയ തെരച്ചലിന്റെ സമയം വെട്ടിച്ചുരുക്കിയത്. ഈ പ്രദേശം സംസ്ഥാന, ദേശീയ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം തെരച്ചിൽ നടത്തുന്നതു തടസമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തൻമൂലം ഇന്നു രാവിലെ ആറിന് ആരംഭിച്ച തെരച്ചിൽ 11 ഓടെ അവസാനിപ്പിച്ചു. നാളെ തെരച്ചിൽ ഉണ്ടായിരിക്കില്ല. എന്നാൽ, ഞായറാഴ്ച ജനകീയ തെരച്ചിൽ നടത്തുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയ തെരച്ചിലിനോട് അനുബന്ധിച്ച് ഇന്നു രാവിലെ മന്ത്രി ദുരന്ത ഭൂമിയിലെത്തിയിരുന്നു.
ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെയും സ്ഥല പരിചയമുള്ള നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് ജനകീയതെരച്ചിൽ ആരംഭിച്ചത്. ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനം നാട്ടുകാരെ ബോധ്യപ്പെടുത്തുക, കാണാതായവരുടെ ബന്ധുക്കളുടെ അഭിപ്രായം അറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജനകീയ തെരച്ചിൽ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർക്കൊപ്പം ജനപ്രതിനിധികൾ, എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, റവന്യൂ അധികൃതർ എന്നിവർ തെരച്ചിലിൽ പങ്കാളികളായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. കൽപ്പറ്റ ടൗണിൽ വാഹനങ്ങൾക്കു വിലക്കുണ്ടായിരിക്കും. നാളെ രാവിലെയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുന്നത്.
രാവിലെ 11.30 ഓടെ വ്യോമസേനയുടെ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, അവിടെനിന്ന് ഹെലികോപ്റ്ററിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് റോഡുമാർഗം കൽപ്പറ്റ റസ്റ്റ് ഹൗസിൽ എത്തും. വിശ്രമത്തിനു ശേഷം ഉച്ചയോടെ റോഡ് മാർഗം കൽപ്പറ്റ ടൗണിലൂടെ മേപ്പാടി മേഖലയിലേക്കു പോകും. സന്ദർശനത്തിനു ശേഷം വൈകിട്ട് മൂന്നേമുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നു പ്രധാനമന്ത്രി ന്യൂഡൽഹിക്കു മടങ്ങും.
മാവോയിസ്റ്റു ഭീഷണി കണക്കിലെടുത്ത് ജില്ലാ, സംസ്ഥാന അതിർത്തികളിലടക്കം പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് റോഡു മാർഗം സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറും മറ്റു സരുക്ഷാ സംവിധാനങ്ങളും വയനാട്ടിൽ എത്തിച്ചു. കൽപ്പറ്റ-മേപ്പാടി റോഡിലെ കുഴി അടയ്ക്കൽ തകൃതിയായി നടത്തി.
പ്രധാനമന്ത്രിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണു സംസ്ഥാന സർക്കാരും ദുരിതബാധിതരും കാണുന്നത്. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.