ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന സുൽത്താൻ, കൊട്ടാരവും മുറികളുമെല്ലാം സ്വർണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്… ലോകത്തിന് മുന്നിൽ ബ്രൂണെ എന്ന രാജ്യത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ഇതിനുമപ്പുറമാണ്. . ‘ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം’ എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേർത്തുവച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്രൂണെ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറി മോദി. ഇനി ഇരുരാജ്യങ്ങൾക്കും കൈവരുന്നത് വികസനത്തിന്റെയും പര്യവേഷണത്തിന്റെയും നാളുകൾ.
നരേന്ദ്ര മോദിയുടെ സന്ദർശനം
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയാൽ ചുറ്റപ്പെട്ട, ഇന്തോ-പസഫിക്കിന്റെ മധ്യഭാഗത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ബ്രൂണെ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബ്രൂണെ സന്ദർശനം. ബ്രൂണെയുമായുള്ള 2018ലെ ബഹിരാകാശ കരാർ, മേഖലയിൽ ചൈനയുടെ സമ്മർദം ഉണ്ടായിരുന്നിട്ടും ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമായിരുന്നു. ബഹിരാകാശ മേഖലയിലെ സഹകരണ കരാർ പുതുക്കി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് സ്റ്റേഷൻ ബ്രൂണെ തുടരും.
നേരത്തെ ബ്രൂണെ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം ഏകദേശം 500 മില്യൺ ഡോളറായിരുന്നു. ഇന്ത്യയ്ക്ക് ദീർഘകാല എൽഎൻജി വിതരണം ചെയ്യുന്ന മേഖലയിൽ ഏർപ്പെടാൻ ഇന്ത്യയും ബ്രൂണെയും സമ്മതിച്ചു.വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും വിപുലീകരിക്കുന്നതിന് നിക്ഷേപ മേഖലയിലെ സഹകരണത്തിന് പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാനും തീരുമാനമായി. ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയുകയും കാർഷിക മേഖലയിലും ഭക്ഷ്യ വിതരണ ശൃംഖലയിലും സഹകരണം വർധിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇരു നേതാക്കളും സംസ്കാരം, ധനകാര്യം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ശേഷി വർധിപ്പിക്കൽ, കണക്റ്റിവിറ്റി എന്നിവയിൽ ശക്തമായ ബന്ധത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യ ബ്രൂണെ വ്യപാരം പുതിയ കരാർ ഒപ്പിട്ടതോടെ 7000 ബില്യൺഡോളറിലേക്ക് വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ബ്രൂണെയെ കുറിച്ച് അൽപ്പം
ദക്ഷിണ ചൈന കടലിനടുത്ത, ദക്ഷിണ പൂർവേഷ്യയിലെ ഒരു കൊച്ചു ദ്വീപാണ് ബ്രൂണെ. സൗത്ത് ഈസ്റ്റ് ചൈനാ കടലും മലേഷ്യയും അതിരിടുന്ന നാട്. ആകെ വിസ്തൃതി 5,765 ചതുരശ്ര കിലോമീറ്റർ. ഇതിൽ 5,265 ചതുരശ്രകിലോമീറ്ററാണ് കര. ഇതിൽ തന്നെ 53 ശതമാനം പ്രദേശം കാടാണ്. കാടെന്ന് പറഞ്ഞാൽ ശരിക്കും കന്യാവനങ്ങൾ. തടി കയറ്റുമതി ഇല്ലാത്തതിനാൽ വനംകൊള്ളയോ മരം വെട്ടോ ഇല്ല. പ്രകൃതിയെ അതേപടി സംരക്ഷിക്കുന്നു ഇവിടെ ഭരണകൂടം. പരമാവധി ജനസംഖ്യ അഞ്ച് ലക്ഷത്തോളം മാത്രം.
ശാന്തമായ, തിരക്കില്ലാത്ത നഗരജീവിതവും പ്രകൃതിസൗന്ദര്യവും ആ നാടിനെ വേറിട്ടുനിർത്തുന്നു. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ മഴക്കാടുകൾ, സമൃദ്ധമായ കണ്ടൽവനങ്ങൾ. ഇതിനിടയിലൂടെ സ്പീഡ് ബോട്ടിലൂടെയുള്ള യാത്ര. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇപ്പോൾ ബ്രൂണെ നല്ല സങ്കേതമാകുന്നുണ്ട്. ഇന്ത്യക്കാരും ധാരാളമായി എത്തുന്നുണ്ടെങ്കിലും ചൈനയിൽനിന്നാണ് ഇപ്പോൾ ബ്രൂണെയിലേക്കുള്ള സന്ദർശകർ ഏറെയും. എണ്ണയാണ് ബ്രൂണെയുടെ കരുത്ത്. എണ്ണപ്പണം കൊണ്ടുള്ള വളർച്ച എല്ലാ തലത്തിലും രാജ്യത്തുണ്ട്. പക്ഷേ, പാരമ്പര്യവും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊക്കെ സംരക്ഷിച്ചാണ് രാജ്യം മുന്നേറുന്നത്. നഗരഹൃദയത്തിൽ പോലും എങ്ങും പച്ചപ്പിന്റെ ധാരാളിത്തമുണ്ട്. അവിടെ ജീവിക്കുന്നവരാകട്ടെ അത് സംരക്ഷിക്കുകയും ചെയ്യുന്നു. എണ്ണയുടെ പൊലിമ കുറഞ്ഞതോടെ ടൂറിസം വഴി വരുമാനം ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്.
മദ്യമില്ല, സിഗരറ്റുമില്ല
ബ്രൂണെയിൽ മദ്യമോ സിഗരറ്റോ വിൽക്കുന്നില്ല. അതിന് എവിടെയും നിരോധനമാണ്. സഞ്ചാരികൾക്ക് വേണമെങ്കിൽ പ്രത്യേക അനുമതിയോടെ നിശ്ചിത അളവിൽ മദ്യവും സിഗരറ്റും കൊണ്ടുവരാം. പക്ഷേ, സ്വകാര്യമായി തന്നെ ഉപയോഗിക്കണം. പുകവലി പൊതുസ്ഥലത്തായാൽ 200 ബ്രൂണെ ഡോളർ വരെ പിഴ വീഴും. മദ്യവും പുകവലിയും അകറ്റിനിർത്തിയതും മികച്ച പരിസ്ഥിതി സംരക്ഷണവും വഴി ബ്രൂണെയെ ആരോഗ്യനഗരമായി വിശേഷിപ്പിക്കപ്പെടുന്നു. നിശാക്ലബുകളോ ബാറുകളോ ഇല്ലാത്തതിനാൽ രാത്രി ഒമ്പത് മണിയോടെ തന്നെ നഗരം ഉറക്കത്തിലേക്ക് നീങ്ങും. നഗരഹൃദയത്തിലെ പ്രത്യേകം സജ്ജമാക്കുന്ന നൈറ്റ് മാർക്കറ്റാണ് സന്ദർശകർക്കും നാട്ടുകാർക്കുമെല്ലാം കറങ്ങാവുന്ന ഒരിടം. അതും രാതി പതിനൊന്ന് മണിയിലപ്പുറം നീളില്ല. ചെറിയ ജനസംഖ്യയും ശക്തമായ നിയമവ്യവസ്ഥകളുമായതിനാൽ ജീവിതം ആനന്ദകരമാണെന്ന് എല്ലാവരും പറയുന്നു.
സുൽത്താൻ തന്നെ എല്ലാം
1405ൽ ബ്രൂണെയിൻ സാമ്രാജ്യം എന്ന പേരിൽ സുൽത്താൻ വംശത്തിന്റേതായിരുന്നു ഭരണം. നാടിന്റെ സംരക്ഷണത്തിനും വ്യാപാരത്തിനുമെല്ലാം ബ്രിട്ടീഷുകാരുടെ സംരക്ഷണം അവർ തേടിയിരുന്നു. പതിയെ 1906ൽ നാട് ബ്രിട്ടീഷ് കോളനിയായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് നാട് ജപ്പാൻകാരുടെ പിടിയിലായെങ്കിലും ബ്രിട്ടീഷ് കോളനിയായി തുടർന്നു. 1959ൽ സുൽത്താനും ബ്രിട്ടീഷ് അധികൃതരും തമ്മിൽ കരാറിലെത്തി. സുൽത്താനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നതായിരുന്നു കരാർ.
സുൽത്താനായ ഹസനാൽ ബോൾക്കിയ താമസിക്കുന്നത് ഇസ്താന നൂറുൽ ഇമാൻ പാലസിലാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരമായി കാണുന്നത് ഈ പാലസിനെയാണ്. രണ്ട് മില്യൺ സ്ക്വയർ ഫീറ്റിലായിട്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വർണമാണ് ഇവയിൽ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് നീന്തൽ കുളങ്ങളാണ് ഈ പാലസിൽ ഉള്ളത്. 1700 ബെഡ്റൂമുകൾ, 257 ബാത്റൂമുകൾ, 110 ഗ്യാരേജുകൾ, എന്നിവയുമുണ്ട്. സുൽത്താന് വേണ്ടി ഒരു മൃഗശാലയും ഇവിടെയുണ്ട്. ഇതിൽ മുപ്പത് ബംഗാളി കടുവകളും നിരവധി പക്ഷികളുമുണ്ട്. ബോയിംഗ് 747 വിമാനവും അദ്ദേഹത്തിനുണ്ട്.
കോട്ടൂർ സുനിൽ