വിവാഹവേദിയാണെന്ന് തെറ്റിദ്ധരിച്ചെത്തിയതാണോ? ഫിലിപ്പൈന്‍സിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയുടെ വസ്ത്രത്തിനുനേരെ ട്വിറ്ററില്‍ ട്രോളന്മാരുടെ പരിഹാസം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രധാരണം പണ്ടുമുതലേ പ്രശസ്തമാണ്. ഏതായാലും ഫിലിപ്പൈന്‍സിലെ ആസിയാന്‍ ഉച്ചകോടി വേദിയില്‍ പ്രധാനമന്ത്രി എത്തിയതും സ്ഥിരം വേഷം ധരിച്ചാണ്. അന്താരാഷ്ട്ര നേതാക്കളെല്ലാം ഇംഗ്ലീഷ് വസ്ത്രധാരണ ശൈലി പിന്തുടര്‍ന്നപ്പോള്‍ തന്റെ കുര്‍ത്താ പൈജാമയില്‍ എത്തിയ മോദി വേദിയില്‍ വ്യത്യസ്തനായെങ്കിലും അദ്ദേഹത്തിന് ട്വിറ്ററില്‍ നേരിടേണ്ടി വന്നത് ട്രോളുകളുടെ പെരുമഴ തന്നെയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുള്‍പ്പടെ നിരവധി രാഷ്ട്രതലവന്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ നരേന്ദ്ര മോദിയും മ്യാന്‍മര്‍ ഭരണാധികാരിയായ ഓങ് സാന്‍ സ്യൂകിയും തങ്ങളുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ മോദിയാണ് ട്രോളന്മാരുടെ ഇരയായത്.

വിവാഹ വേദിയാണെന്ന് കരുതിയാണോ ഇത്തരം വസ്ത്രം ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്റര്‍ ട്രോളര്‍മാരുടെ പ്രധാന ആക്ഷേപം. ദക്ഷിണ ഡല്‍ഹിയിലെ ഫാബ് ഇന്ത്യയുടെ ഷോറുമെന്നും കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരനെന്നും ട്രോളന്മാര്‍ മോദിയെ പരിഹസിക്കുകയുണ്ടായി.

Related posts