നികുതിവെട്ടിച്ച് ആളുകള്‍ വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും, ഇന്ധന വില 50 രൂപയില്‍ താഴെ എത്തിക്കും, എന്നീ കാര്യങ്ങളായിരുന്നു, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടേയും പ്രധാന വാഗ്ദാനങ്ങള്‍. എന്നാല്‍ ഇതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് പതിനഞ്ച് ലക്ഷം രൂപ വീതം എത്തിക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് മറുപടി നല്‍കാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. ഇത് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വിവരാവകാശ കമ്മീഷന് മുന്നില്‍ വ്യക്തമാക്കി.
വിവരാവകാശ പ്രവര്‍ത്തകനായ മോഹന്‍ കുമാര്‍ ശര്‍മ്മ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച മോഹന്‍ ശര്‍മ്മയ്ക്ക് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നല്‍കി. പരാതിയില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തേടി. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.