പൂച്ചാക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മഴയും രോഗഭീതിയെയും മറികടന്ന് കരുതലും സേവന പ്രവർത്തനങ്ങളുമായി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്.
ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പൊസിറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണ കിറ്റുകളും മറ്റു ആവശ്വസാധനങ്ങൾ എത്തിക്കുന്നതിനും പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുവജനങ്ങളുടെയും സഹപ്രവർത്തകരുടെയും ഒരു നിര തന്നെയുണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വിലയില്ലാതെയും എടുക്കാനാളുമില്ലാതെയായി വിഷമിക്കുന്ന കപ്പ കർഷകരുടെ ദുരിതമറിഞ്ഞ പ്രമോദ് ഒട്ടും മടിക്കാതെ സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ പത്തേക്കറോളം വരുന്ന കപ്പ പാടം വിലക്കെടുത്ത് ആറായിയിരത്തോളം വീടുകളിൽ സൗജന്യമായി കപ്പ എത്തിച്ചപ്പോൾ നാട്ടുകാർക്കും കർഷകർക്കും ഒരു പോലെ ആശ്വാസമായി.
കപ്പ പറിക്കാനും ചുമന്നു വണ്ടിയിൽ കയറ്റാനും പ്രമോദും കൂടിയപ്പോൾ സഹപ്രവർത്തകർക്കും കർഷകർക്കും ആവേശം. തൈക്കാട്ടുശേരി ബ്ലോക്ക് അതിർത്തിയിലെ അരൂക്കുറ്റി, തൃച്ചാറ്റുകുളം, പെരുമ്പളം, പാണാവള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലാണ് കപ്പ വിതരണം ചെയ്തത്.
പൂച്ചാക്കൽ നടന്ന വിതരണോദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റുമാരാ ഡി. വിശ്വംഭരൻ, എസ്. സുധീഷ്, ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ബി. ബാബുരാജ്, പി.കെ. രാജൻ, എൻ. രാജേഷ്, വിശ്വസത്യൻ, ആർ. ജയചന്ദ്രൻ, എൻ. നവീൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനവും ചെയ്തു.