പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതിയെ വെച്ചൂച്ചിറ പോലീസ് മുംബൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തു.
കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ് മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കസറ്റഡിയിലെടുത്തത്.
2017 ജൂലൈയിലാണ് സംഭവം, വീട്ടില്‍ അതിക്രമിച്ചകയറിയ റഹിം യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടര്‍ന്ന്, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
2019 ഡിസംബര്‍ എട്ടിനാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്നത്തെ എസ്ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ ബി. അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. സുരേഷിന് അന്വേഷണം കൈമാറി.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സുരേഷ് സ്ഥലം മാറിപ്പോയതിനാല്‍ പിന്നീട് ചാര്‍ജ് എടുത്ത പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി. സ്കറിയക്കായിരുന്നു അന്വേഷണച്ചുമതല.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുള്ള പ്രതിയെ മാര്‍ച്ച് 31ന് മുംബൈ സഹര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ തടഞ്ഞുവച്ചു. വെച്ചൂച്ചിറ പോലീസ് അവിടെയെത്തി.
സഹര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ റഹിമിനെ ഏപ്രില്‍ ഒന്നിന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വെച്ചൂച്ചിറയിലെത്തിച്ചു.
പെരുമ്പെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. പിന്നീട് യുവതിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.
ഇയാളുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.
യുവതിയില്‍ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.