പത്തനംതിട്ട: പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടിയിരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡ്, ലോകബാങ്കിന്റെ നിര്‍ദേശപ്രകാരം എന്‍ജീനീയറിംഗ് പ്രൊക്യുയര്‍മെന്റ് ആൻഡ് കണ്‍സ്ട്രേക്ഷന്‍ (ഇപിസി) മാതൃകയില്‍ മൂന്ന് പാക്കേജുകളായി തിരിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് കെഎസ്ടിപി രണ്ടാം ഘട്ട പദ്ധതിയുടെ നിലവിലെ വായ്പാ കാലാവധി കഴിഞ്ഞ ഏപ്രില്‍ 30ല്‍ നിന്നും രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2021 ഏപ്രില്‍ 30 വരെയാക്കുന്നതിന് ലോകബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അവശേഷിക്കുന്ന പൊൻകുന്നം – പുനലൂർ ഭാഗത്തെ പ്ലാച്ചേരി – കോന്നി റീച്ചിന്റെ നിർമാണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പുനലൂർ – പൊൻകുന്നം റോഡ് ഇപിസി മാതൃകയില്‍ 737.64 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി ഉപരിതലം നിര്‍മിക്കുന്നതിനും വശങ്ങളില് ഓടകള്‍, ഫുട്പാത്ത്, വീതി കുറഞ്ഞ പാലങ്ങളെ വീതി കൂട്ടുകയോ സമാന്തര പാലങ്ങള്‍ നിര്‍മിക്കുകയോ ചെയ്യുക, റോഡ് സുരക്ഷയ്ക്ക് അതീവ മുന്‍ഗണന നല്‍കുക എന്നിവയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ജി.സുധാകരന് അറിയിച്ചു.
പുനലൂര്‍ മുതല്‍ കോന്നിവരെയും (29.84 കിലോമീറ്റര്‍), കോന്നി മുതല്‍ പ്ലാച്ചേരി വരെയും (30.16 കിലോമീറ്റര്‍) പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം (22.173 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തില്‍ ഒരു അധ്യായം കൂടി എഴുതി ചേര്‍ക്കുന്നതിനും കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളുടെ വികസനത്തിനും പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ അഭിവൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് കോന്നി – പ്ലാച്ചേരി റോഡെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു.
പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ ഭാഗമായുള്ള കോന്നി – പ്ലാച്ചേരി റോഡിന്റെ നിര്‍മാണ കാലാവധി 24 മാസമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ പൂര്‍ത്തീകരണത്തിന് ശേഷം അഞ്ച് വര്‍ഷം പരിപാലന ചുമതലയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് റീച്ചുകളുടെ നിര്‍മാണ പ്രവര്‍ത്തനവും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കോന്നി, പത്തനംതിട്ട, റാന്നി, പഴവങ്ങാടി, വില്ലേജുകളില്‍ കൂടിയാണ് റോഡ് കടന്നു പോകുന്നത്. എംസി റോഡിന് ഒരു ഇതര മാര്‍ഗമായ പുനലൂര്‍ – പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതോടു കൂടി കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ നിന്നും എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ സഹായകമാകു റോഡിന്റെ നവീകരണം ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഉതകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 2017 ല്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ലോക ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാഥാര്‍ഥ്യമാകുന്നതെന്നും സുധാകരന് പറഞ്ഞു.