പത്തനംതിട്ട: വർഷങ്ങൾക്കു മുന്പ് ഏറ്റെടുത്ത ഭൂമി വീണ്ടെടുക്കുന്ന ജോലിയാണ് ആദ്യം നടന്നത്. അളന്നു വേർതിരിച്ചു സ്ഥാപിച്ച അതിരുകല്ലുകൾ പലയിടത്തും കാണാനില്ല. അതു കണ്ടെത്തുന്നതിനു പകരം വീണ്ടും അളവ് രേഖപ്പെടുത്തി വീതി നിശ്ചയിക്കുകയാണ് ചെയ്തത്.
രണ്ടു പതിറ്റാണ്ടു മുന്പ് തുടങ്ങിവച്ച പിഎം റോഡ് വികസനപദ്ധതിയിൽ കോന്നി – പ്ലാച്ചേരി ഭാഗത്തെ ജോലികൾ ആരംഭിച്ചപ്പോഴാണ് റോഡിന്റെ 14 മീറ്റർ വീതി നിർണയത്തിനുവേണ്ടി ദിവസങ്ങൾ മാറ്റിവയ്ക്കേണ്ടിവന്നത്.
2002ലാണ് റോഡ് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുത്തു തുടങ്ങിയത്. അന്നുതന്നെ ഭൂമി അളന്ന് അതിരുകല്ലുകൾ സ്ഥാപിച്ചിരുന്നു. ഏറ്റെടുത്ത സ്ഥലത്തിനു സർക്കാർ പണവും അനുവദിച്ചു. വർഷങ്ങൾ കഴിഞ്ഞതോടെ അതിരുകല്ലുകൾ പലതും നഷ്ടമായി.
കൈയേറ്റങ്ങൾക്കും കുറവുണ്ടായില്ല. അതിർത്തി നിർണയിച്ച് മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. മണ്ണാരക്കുളഞ്ഞിക്കും റാന്നിക്കും മധ്യേയുള്ള ഭാഗങ്ങളിൽ ഇപ്പോൾ വീതി നിശ്ചയിച്ച് മണ്ണെടുക്കലും നിരപ്പാക്കലും നടത്തി അലൈൻമെന്റ് ജോലികൾ നടന്നുവരികയാണ്.
ഇതു പൂർത്തിയാകുന്നതോടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കരാർ കന്പനി തയാറാക്കും. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് റോഡ് നിർമാണത്തിന് കരാർ ഉറപ്പിച്ചത്. പെരുന്പാവൂർ ആസ്ഥാനമായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കന്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 274.24 കോടി രൂപയ്ക്കാണ് കരാർ.
ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ നിർമാണം പ്രോക്യുർമെന്റ് കണ്സ്ട്രക്ഷൻ സംവിധാനത്തിലാണ്. കരാറുകാർ ആദ്യം പണം മുടക്കി നിർമാണം നടത്തണം. കെഎസ്ടിപി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമാണം.
10 മീറ്റർ വീതിയിൽ റോഡിന് ഉന്നതനിലവാരത്തിലുള്ള ബിഎം ബിസി ടാറിംഗുണ്ടാകും. 14 മീറ്ററാണ് മൊത്തം വീതി നിശ്ചയിച്ചിരിക്കുന്നത്. രണ്ടുവശത്തും രണ്ടുമീറ്റർ വീതം നടപ്പാത വേണമെന്നാണ് നിർദേശം. കോന്നി മുതൽ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററാണ് ദൈർഘ്യം.
അഞ്ച് പാലങ്ങളും 128 കലുങ്കുകളും നിർമിക്കേണ്ടതുണ്ട്. റോഡിന്റെ വീതികൂട്ടൽ ജോലികൾ ആരംഭിച്ചതിനൊപ്പം സ്ലാബുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
കലുങ്കുകളുടെ റിംഗുകൾ, ഓടകളുടെ സ്ലാബുകൾ തുടങ്ങിയവ നിർമിക്കുന്നത് ഉതിമൂട്ടിൽ കന്പനി സ്ഥാപിച്ച കോണ്ക്രീറ്റ് മിക്സിംഗ് പ്ലാന്റിലാണ്. ഇതിന്റെ ജോലികളും ആരംഭിച്ചിട്ടുണ്ട്.
ജംഗ്ഷനുകളുടെ നവീകരണം, സ്കൂൾ മേഖലകൾ, ബസ്ബേ നിർമാണം എന്നിവയുടെ പദ്ധതിയുടെ ഭാഗമായുണ്ടാകും. ടൗണുകളിൽ 6.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിയും നിർമിക്കാനും നിർദേശമുണ്ട്.