കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോക്കെതിരേയും ആരോപണം. മരണത്തിലേക്കു നയിച്ച സംഭവത്തില്‍ ആര്‍ഷോക്കും പങ്കുണ്ടെന്നാണ് സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചിട്ടുള്ളത്. ആര്‍ഷോയെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന വിചാരണയെന്നതിന്റെ പേരില്‍ ഈ വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാറും വെട്ടിലായി.
വെറ്ററിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാക്കളും കോളജ് യുണിയന്‍ നേതാക്കളുമടക്കം പതിനെട്ടുപേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആര്‍ഷോ വെറ്ററിനറി കോളജില്‍ നിരന്തരം എത്തിയിരുന്നുവെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളായിരിക്കുമെന്നാണ് പിതാവിന്റെ ആരോപണം.
ആര്‍ഷോ കോളജില്‍ വരാറുണ്ടെന്ന് സിദ്ധാര്ഥന് മാതാപിതാക്കളോടു പറഞ്ഞിരുന്നു. കോളജ് യൂണിയന് പ്രസിഡന്റിന്റെ മുറിയില്‍ എട്ടുമാസം പീഡനത്തിന് ഇരയായിട്ടും ആര്‍ഷോ അറിയാതിരിക്കില്ല എന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ആര്‍ഷോയുടെ മൊ ബൈൽ ഫോണ്‍ പരിശോധിക്കണമെന്നും കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട വിചാരണയില്‍ മുഖ്യപങ്കുള്ള ഇടുക്കിക്കാരനായ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്നത് മുന്‍മന്ത്രി എം.എം. മണിയാണെന്നും ആരോപണമുണ്ട്.
ജയപ്രകാശിന്റെ പുതിയ ആരോപണേത്താടെ സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. അന്വേഷണത്തിനുള്ള ഫയല്‍ സിബിഐക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയടക്കം ചേര്‍ത്തുവായിക്കുമ്പോള്‍ സര്‍ക്കാര്‍ ആരെയോ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായുള്ള സൂചനയാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ഥന്റെ പിതാവ് സ്വീകരിക്കുന്ന സമരപരിപാടികള്‍ സര്‍ക്കാരിനു തിരിച്ചടിയാവും. മുഖ്യമന്ത്രി അദ്ദേഹത്തെ വഞ്ചിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് സിബിഐക്ക് കത്തുനല്കുന്നതില് കാലതാമസം വരുത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
സിദ്ധാര്‍ഥന്റെ മരണം നടന്നതുമുതല്‍ കേസന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായത്. പ്രതികളെ അറസ്റ്റ്ചെയ്തതുതന്നെ ഏറെ വിവാദത്തിനുശേഷമാണ്. സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നത്. പ്രതികളെ മജിസ്ട്രറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം േനതാക്കള്‍ അവിടെ എത്തിയതും വിവാദമായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാര്‍ഥന്റെ വസതി സന്ദര്‍ശിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നതും സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും.
സ്വന്തം ലേഖകന്‍