വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയിലെ ഓഫീസ് വിൽക്കുന്നുവെന്നു കാണിച്ച് ഓണ്‍ലൈൻ വ്യാപാരസൈറ്റ് ആയ ഒഎൽഎക്സിൽ പരസ്യം നൽകിയ സംഭവത്തിൽ നാലുപേരെ അറസ്റ്റ്ചെയ്തു.
വാരാണസിയിലെ ജവഹർനഗറിലെ ജനസന്പർക്ക കാര്യാലയം വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം.
നാലു മുറികളും നാലു ബാത്റൂമുകളും റെഡ് കാർപ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്ക്വയർഫീറ്റുള്ള ഓഫീസ് ആണെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.
വ്യാഴാഴ്ചയാണ് പരസ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് വാരാണസി എസ്പി അമിത് പഥക് അറിയിച്ചു. ഉടൻ തന്നെ പോലീസ് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മീകാന്ത് ഒജ്ഹ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണു പരസ്യം പങ്കുവച്ചതെന്നു കണ്ടെത്തി. പരസ്യം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.
പ്രതികളെ ചോദ്യംചെയ്തുവരികയാണെന്നും എസ്പി വ്യക്തമാക്കി. ഗുജറാത്തിൽ നാലുതവണ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി 2014ൽ വാരാണസയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. 2019 തെരഞ്ഞെടുപ്പിലും വിജയിച്ചു.