കോഴിക്കോട്: ദീപ്തമായ ചിന്തകളും എഴുത്തും ബാക്കിയാക്കി പി.എന്‍ .ദാസ് ഇനി ഓര്‍മകളില്‍ . ഇന്നലെ ഉച്ചയോടെയായിരുന്നു എഴുത്തുകാരനും ചിന്തകനും റിട്ട.അധ്യാപകനുമായിരുന്ന പി.എന്‍ . ദാസിന്റെ അന്ത്യം. ജനകീയ ആരോഗ്യപ്രവര്ത്തകന്,സാംസ്കാരിക പ്രവര്ത്തകന്, എന്നീ നിലകളില്‍ തന്റേതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ച പി.എന്‍.ദാസിന്റെ വിയോഗം ജന്മനാടായ തലക്കുളത്തൂരിനെ ദു:ഖത്തിലാഴ്ത്തി.
മറ്റുള്ളവരെ കേള്‍ക്കാന്‍ ഏറെ താത്പര്യം കാണിച്ച ദാസിന്റെ എഴുത്തില്‍ പോലും ഞാനെന്ന ഭാവം നിഴലിച്ചിരുന്നില്ല. സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ ഇന്നലെ ഏറെ വൈകിയും ദാസിന്റെ ഭൗതികശരീരം കാണാനായി എത്തി . ദീപാങ്കുരന് എന്ന തൂലികാ നാമത്തിലാണു ലേഖനങ്ങള്‍ എഴുതി തുടങ്ങിയ അദ്ദേഹം ആധ്യാത്മിക ചിന്തകന്‍ എന്ന നിലയിലും മനോവ്യാപാരത്തെ സൂക്ഷ്മതലത്തില്‍ നോക്കികണ്ട എഴുത്തുകാരനെന്ന നിലയിലും ഏറെ ശ്രദ്ദേയനായിരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ തനതായ കാഴ്ചപ്പാടിലൂടെ നോക്കികണ്ട ദാസ് പ്രകൃതി ചികിത്സകനായും അറിയിപ്പെട്ടു. രോഗബാധിതനാവുന്നതിനു തൊട്ടു മുമ്പു വരെ വായനയും എഴുത്തും ചികിത്സയും ധ്യാനക്ലാസുമായി അദ്ദേഹം സജീവമായിരുന്നു. ബുദ്ധന് , ശ്രീനാരായണ ഗുരു, സെയിന്ഫ്രാന്സിസ്, ഓഷോ തുടങ്ങിയവരുടെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം , ഉള്‍ക്കൊണ്ട ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതിനു ശേഷമായിരുന്നു ജനങ്ങളിലേക്ക് എത്തിച്ചത്.
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറമ്പത്താണ് ദാസിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ടാമ്പി സംസ്കൃത കോളജില്‍ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവര്‍ത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കവി കെ.ജി. ശങ്കരപ്പിള്ള അധ്യാപകനായി എത്തിയതോടെ ചിന്തകളില്‍ മാറ്റം വന്നു. പഠന കാലത്ത് തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു.
“ദീപാങ്കുരന്’ എന്ന തൂലികാ നാമത്തിലും എഴുതിയത് . നിരോധിക്കപ്പെട്ട “പ്രസക്തി’ മാസികയിലും പി.എന്‍. ദാസിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ച അദ്ദേഹം ജയില്‍ വാസത്തിന് ശേഷം “വൈദ്യശസ്ത്രം’ എന്ന പേരില്‍ ഒരു മാസിക കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചു.
ഈ മാസികയിലും “ദീപാങ്കുരന്’ എന്ന പേരിലാണ് ലേഖനങ്ങള്‍ എഴുതിയിരുന്നത്. 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ “സംസ്കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും’ എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ധ്യാനപാഠങ്ങള്‍, കരുണയിലേക്കുള്ള തീര്‍ഥാടനം, ബുദ്ധന് കത്തിയെരിയുന്നു, വേരുകളും ചിറകുകളും, ജീവിതഗാനം എന്നീ കൃതികളും രചിച്ചിട്ടുണ്ട്.
“ഒരു തുള്ളിവെളിച്ചം’ എന്ന കൃതിക്ക് 2014ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്. നമ്പൂതിരി എന്‍ഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്ന് രാവിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മാവൂര്‍റോഡ് ശ്മാശനത്തില്‍ സംസ്കരിച്ചു.
ഭാര്യ: രത്നം (റിട്ട. അധ്യാപിക, ഗുരുദേവ വിലാസം എഎല്‍പി സ്കൂള്‍ ) മക്കള്‍: പി.എന്‍ . മനു (വണ്‍ ഇന്ത്യ ഓണ്‍ലൈന്‍ ), മനീഷ് (പൊയില്‍കാവ് എച്ച്എസ്എസ്), ദീപാ രശ്മി (സിഎംസി എച്ച്എസ്എസ്). മരുമക്കള്‍ : സുദേഷ്ണ (ബിഎംഎച്ച് അക്കാദമി), സിജി (കെഎംസിടി കോളജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്). സഹോദരങ്ങള്‍: രവീന്ദ്രന്, സിദ്ധാര്ഥന്, വിജയന് , ഇന്ദിര, പ്രഭാകരന് , ബാബു.