കര്‍ഷകസംഘം നേതാവിന്റെ കൃഷിയിടം സമ്പുഷ്ടം; ഏഴടി ഉയരമുള്ള അപൂര്‍വയിനം ചീര മുതല്‍ കരിമ്പ് വരെ

KTM-CHEERAമാന്നാര്‍: നെല്‍വയലുകള്‍ കാണാത്ത കര്‍ഷകത്തൊഴിലാളി നേതാക്കളും കൃഷിയിടങ്ങള്‍ കാണാത്ത കര്‍ഷക നേതാക്കളും ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ മാതൃകയാകുകയാണ് പി.എന്‍. നെടുവേലിയെന്ന കര്‍ഷക നേതാവ്. ഐക്യകര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. നെടുവേലിയുടെ തോട്ടത്തില്‍ വിളയാത്ത പച്ചക്കറികളും സസ്യങ്ങളും ഇല്ല. പ്രത്യേകിച്ച് വലിയ ഉയരത്തിലുള്ള അപൂര്‍വയിനം ചീര ഇതില്‍ ഏറെ ശ്രദ്ധേയമാണ്. വിവിധ തരം ചീരകള്‍ ധാരളമായി കൃഷി ചെയ്യുന്ന പ്രദേശമാണ് മാന്നാര്‍. എന്നാല്‍ അത്യുല്‍പാദനശേഷിയും 14 മുതല്‍ 20 വരെ ശാഖോപശാഖകളുമുള്ള ഈ ചുവന്ന പട്ടുചീരയ്ക്കു ഏഴടിയിലധികം ഉയരമുണ്ട്.

കാര്‍ഷിക സര്‍വകലാശാല ഗവേഷണ ഫലമായിട്ടുള്ള ചീരകളുടെ പരമാവധി ഉയരം അഞ്ചരയടിയാണ്. പരിസ്ഥിതി ശസ്ത്രജ്ഞനായ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പഠനസംഘം വൈവിധ്യ കൃഷിരീതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അപൂര്‍വയിനം ചീര കണ്ടെത്തിയതും പഠനം ആരംഭിച്ചതും.

അമരാന്തസ് സ്പീസിസ് എന്ന ശാസ്ത്രനാമമുള്ള ചീരയ്ക്കു ആര്‍ച്ചിസ് ഹൈപ്പോഗിയ, മുരിങ്ങ ഒനീസറ എന്നീ ശാസ്ത്രനാമങ്ങളുള്ള കപ്പലണ്ടിപ്പിണ്ണാക്കും മുരിങ്ങയിലയും കഞ്ഞിവെള്ളത്തില്‍ കലക്കിയ കാലിവളവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് വളമായി നല്‍കുന്നത്. രാസവളങ്ങളോ കീടനാശിനിയോ പ്രയോഗിക്കാത്ത കൃഷിയിടത്തില്‍ കീടങ്ങള്‍ നന്നേ കുറവാണ്. ശീമക്കൊന്നയുടെ പച്ചിലകള്‍ കത്തിച്ചാണ് ചെറുപ്രാണികളെ അകറ്റുന്നത്.

അപൂര്‍വയിനം ചീര മാത്രമല്ല നെടുവേലിയുടെ 27 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് എന്നിവ കൂടാതെ പേര, ആത്ത, മുരിങ്ങ, കരിമ്പ്, വാഴ, മാതള നാരങ്ങ, റെംബൂട്ടാന്‍ എന്നിവയുടെ ഉണ്ട്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഈ കൃഷിതോട്ടത്തിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.  ഇഞ്ചി, വഴുതന, വെണ്ട, പാവല്‍, മുളക്, കപ്പലണ്ടി, പയറ്, തക്കാളി, അമര, കറിവേപ്പ്, പടവം, പാവയ്ക്ക തുടങ്ങി എല്ലാമെല്ലാം ഈ ചെറിയ കൃഷിയിടത്തില്‍ ഉണ്ട്.

പത്തുവര്‍ഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന നെടുവേലി ഇപ്പോള്‍ സ്വാശ്രയ ഗ്രാമലക്ഷ്മി പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇവിടെ നിന്നുളള്ള പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കാറുണ്ട്. ചീര കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിച്ച് കൊണ്ട് ചീരയ്ക്കുള്ള ഔഷധ ഗുണങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുവാനും ഉദ്ദേശമുണ്ട്.

വിളര്‍ച്ച, രക്തശുദ്ധീകരണം, കാഴ്ചശക്തി തുടങ്ങി സ്ത്രീകളുടെ മുടിവളരാനുപകരിക്കുന്ന വിറ്റാമിനുകളുടേയും പ്രോട്ടീനുകളുടേയും സമീകൃതാഹാരമായി മാറിക്കൊണ്ടിരിക്കുന്ന ഈ ചീരയ്ക്ക് ഔഷധസസ്യമായി അംഗീകാരം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് നെടുവേലി പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി മാന്നാറില്‍ ഐഎഎസ് എന്ന സമാന്തര വിദ്യഭ്യാസ സ്ഥാപനം നടത്തി വരുന്ന നെടുവേലി കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം സാധുക്കളായ കുട്ടികളുടെ പഠനത്തിനായിട്ടാണ് നല്‍കുന്നത്. മാന്നാറിന്റെ രാഷ്ട്രീയ സാംസ്ക്കാരിക വിദ്യഭ്യാസ മേഖലകളില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കുന്ന പി.എന്‍,നെടുവേലി ഇനി മികച്ച കര്‍ഷകനായും അറിയപ്പെടും.

Related posts