ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ലെ മുൻ മാനേജിംഗ് ഡയറക്ടർ (എംഡി) ഉഷ അനന്തസുബ്രഹ്മണ്യനെ നീരവ് മോദിയുടെ തട്ടിപ്പുകേസിൽ പ്രതി ചേർത്തു. അലാഹാബാദ് ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) എംഡിയും ആയ അവരെ ആ പദവികളിൽനിന്നു മാറ്റും. 2015-17ൽ ഉഷ പിഎൻബി എംഡിയും സിഇഒയുമായിരുന്നു.
പിഎൻബിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജീവ് ശരൺ, ജനറൽ മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) നെഹൽ ആഹാദ് എന്നിവരും പ്രതികളാണ്. എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ചുമതലകളിൽനിന്നു മാറ്റിയിട്ടുണ്ട്.
സിബിഐ കുറ്റപത്രത്തിൽ നീരവ് മോദി, സഹോദരൻ നിശാൽ മോദി, ജീവനക്കാരൻ സുഭാഷ് പരബ് എന്നിവർ ബാങ്കിനെ ചതിച്ചതിന്റെ വിശദാംശങ്ങൾ നല്കിയിട്ടുണ്ട്. മോദിയുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയുമായ മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ട കുറ്റപത്രം പിന്നാലെ സമർപ്പിക്കും.
ഡയമണ്ട്സ് ആർ ജെംസ്, സ്റ്റെല്ലാർ ഡയമണ്ട്സ്, സോളാർ എക്സ്പോർട്സ് തുടങ്ങിയ കന്പനികളുമായി ബന്ധപ്പെട്ട 6000 കോടിയുടെ തട്ടിപ്പിലാണ് ഇപ്പോഴത്തെ കുറ്റപത്രം. ചോക്സിയുടെ തട്ടിപ്പു ചേർത്താൽ 13,400 കോടി രൂപയാണു പിഎൻബി തട്ടിപ്പ്.
തട്ടിപ്പിനു തുടക്കംകുറിക്കുന്ന കാലത്തു പിഎൻബി എംഡി ആയിരുന്നു ഉഷ അനന്തസുബ്രഹ്മണ്യം. വലിയ ബാങ്കായ പിഎൻബിയിൽനിന്നു ചെറിയ ബാങ്കായ അലാഹാബാദ് ബാങ്കിലേക്ക് ഉഷയെ മാറ്റിയത് പല ആരോപണങ്ങളെ തുടർന്നായിരുന്നു എന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു. ഉഷയെ സ്ഥാനത്തുനിന്നു മാറ്റാൻ അലാഹാബാദ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനു നിർദേശം നല്കിയതായി കേന്ദ്ര ധനകാര്യ സർവീസസ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.