കരുവാരകുണ്ട്: അക്ഷരം പഠിക്കാൻ വിദ്യാലയത്തിലെത്തണമെങ്കിൽ അഭ്യാസം കാണിക്കേണ്ട അവസ്ഥയിലാണ് ഒരുപറ്റം കുരുന്നുകൾ.
കരുവാരകുണ്ട് തരിശ് ചേരി മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ ദുരവസ്ഥ.
വീട്ടിൽ നിന്നു വിദ്യാലയത്തിലെത്തണമെങ്കിൽ തോടുകൾ മുറിച്ചു കടന്നു വേണം പോകാൻ.
വീടിനു സമീപമുള്ള തോടിനു കുറുകെ പാലമില്ലാത്തതാണ് കുട്ടികൾക്ക് ദുരിതമാകുന്നത്. മഴക്കാലമായാൽ രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറും.
പുഴകളും തോടുകളും ചോലകളും കൂടുതലുള്ള മലയുടെ താഴ് വാരത്തിലുള്ള പ്രദേശമാണ് ചേരി മുള്ളറ. ഇവിടെ ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
എന്നാൽ മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങൾക്കാണ് ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്.
മഴക്കാലത്ത് പുഴയും തോടുകളും ചോലകളും നിറഞ്ഞൊഴുകും. ഈ സമയത്ത് തോടു കടന്നു വിദ്യാലയത്തിലേക്കു കുട്ടികളെ എത്തിക്കാനും വിവിധ ആവശ്യങ്ങൾക്കായി അങ്ങാടികളിലേക്കും പൊതുനിരത്തുകളിലേക്കും എത്തണമെങ്കിൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും.
തോടിനു കുറുകെ നടപ്പാലം പോലുമില്ലെന്നതാണ് ഏറെ ദുരിതമാകുന്നത്. മഴക്കാലത്ത് നാട്ടുകാർ നിർമിക്കുന്ന താത്കാലിക പാലം കുട്ടികൾക്ക് മുറിച്ചു കടക്കേണ്ടി വരും.
കമുകു കഷ്ണങ്ങൾ ചേർത്തുണ്ടാക്കുന്ന താത്കാലിക പാലത്തിനു കൈവരികളോ വേണ്ടത്ര ഉറപ്പോ ഇല്ലെന്നതിനാൽ കുട്ടികളെ പാലം കടത്താൻ രക്ഷിതാക്കൾ സഹായിക്കാറാണ് പതിവ്.
ഇതുകൊണ്ടു തൊഴിലാളികളായ രക്ഷിതാക്കളിൽ ചിലർക്ക് കൃത്യസമയത്ത് തൊഴിലിനു പോകാനും സാധിക്കാതെ വരുന്നു.
മഴക്കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരമായി തോടിനു കുറുകെ നടപ്പാലമെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.