തിരുവനന്തപുരം: പോക്കറ്റിൽ കൈയിട്ടതിന്റെ വിരോധം മൂലം യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവും 20000 രൂപ പിഴയും വിധിച്ചു. മണക്കാട്, കരിമഠം കോളനിയിൽ റ്റി.സി 39/20 50 വീട്ടിൽ അനിൽ കുമാറിനെയാണ് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചത്.
2011 മാർച്ച് പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാത്രി പന്ത്രണ്ടേ മുക്കാലോടെ അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിന് സമീപം ശ്രീവരാഹത്തേക്ക് പോകുന്ന ഭാഗത്തെ കടവരാന്തയിൽ വെച്ച് മണക്കാട്, കരിമഠം കോളനിയിൽ റ്റി.സി 39/1832ൽ താമസിക്കുന്ന കുട്ടൻ എന്ന സതീഷ് കുമാറി(28)നെയാണ് അനിൽകുമാർ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ശ്രീവരാഹത്തേക്ക് പോകുന്ന വഴിയിൽ അടച്ചിട്ടിരുന്ന കടയുടെ മുൻപിൽ കിടന്നുറങ്ങുകയായിരുന്ന അനിലിന്റെ പോക്കറ്റിൽ നിന്ന് കാശ് എടുക്കുന്നതിനായി സതീഷ് കൈയിട്ടതിനെ തുടർന്ന് നടന്ന പിടിവലിക്കിടെ അടുത്തുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് അനിൽ സതീഷിനെ തലക്കടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അബോധവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സതീഷ് കുമാർ മരണപ്പെട്ടത്. തെളിവുകളൊന്നുമില്ലാതിരുന്ന കേസിൽ അനിൽകുമാർ സംഭവത്തിനു ശേഷം ഒളിവിൽ പോയതായി കണ്ടെ ത്തി.അനിലിനെ പിടികൂടി ചോദ്യം ചെയതപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐ മാരായ കെ.ആർ. അനിൽ കുമാർ, ഇപ്പോൾ കണ്ട്രോൾ റൂം ഏസിയായ വി.സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.