കണ്ണൂർ: ബസിൽ യാത്രചെയ്യുന്നതിനിടെ യാത്രക്കാരന്റെ 1,17,000 രൂപ പോക്കറ്റടിച്ച സംഭവത്തിൽ പ്രധാനപ്രതിയെ ക്വാർട്ടേഴ്സ് വളഞ്ഞുപിടികൂടി. വളക്കൈ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരിക്കൂർ പെരുവളപ്പ്പറന്പ് സ്വദേശി ജാഫറി (39) നെയാണ് ഇന്നു പുലർച്ചെ കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കേസിൽ മറ്റൊരു പ്രതി ആലക്കോട് കൊമ്മച്ചി സിദ്ദീഖ് (42) നെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ജാഫർ നിരവധി പോക്കറ്റടി കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വളപട്ടണത്തേക്ക് ബസിൽ യാത്രചെയ്യുകയായിരുന്ന യാത്രക്കാരനിൽനിന്നും 1,60,000 രൂപ പോക്കറ്റടിച്ച കേസിലും പയ്യന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസിൽനിന്നും പയ്യന്നൂർ സ്വദേശിയുടെ 38,000 രൂപ പോക്കറ്റടിച്ചകേസിലും ഇയാൾ പ്രതിയാണ്. കൂടാതെ നിരവധി പിടിച്ചുപറികേസിലും പ്രധാന കണ്ണിയാണ്.
കഴിഞ്ഞ സെപ്റ്റംബർ 11നാണ് മയ്യിൽ-കണ്ണൂർ റൂട്ടിലോടുന്ന ബസിൽനിന്നും ചെങ്കൽ വ്യവസായ അസോസിയേഷൻ കണ്ണൂരിലെ ഓഫീസ് സെക്രട്ടറിയായി ജോലിചെയ്യുന്ന പുരുഷോത്തമനെ മൂന്നംഗ സംഘം പോക്കറ്റടിച്ചത്.