കണ്ണൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്റെ 1,17,000 രൂപ പോക്കറ്റടിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ആലക്കോട് സ്വദേശി കൊമ്മച്ചി സിദ്ദിഖി (42)നെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ നഗരത്തിൽ വച്ച് മയ്യിൽ കടൂരിലെ വാടി പുരുഷോത്തമന്റെ പോക്കറ്റടിച്ച് 1,17,000 രൂപ കവർന്നത് .
ചെങ്കൽ വ്യവസായി അസോസിയേഷൻ കണ്ണൂരിലെ ഓഫീസിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു പുരുഷോത്തമൻ. ജോലിക്കായി മയ്യിൽ ബസ് സ്റ്റാൻഡിൽനിന്നും 9.25നുള്ള സന്ധ്യ ബസിൽ കയറി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് പോക്കറ്റടിച്ചത്.
ബസിൽ തിരക്കുകാരണം കാൽടെക്സിൽ ഇറങ്ങാൻവേണ്ടി മക്കാനി സ്റ്റോപ്പിൽനിന്നും സീറ്റിൽനിന്നും എഴുന്നേറ്റ് ഡോറിനു സമീപം നടക്കുന്നതിനിടയിൽ മൂന്നുപേർ പിറകിലും രണ്ടുപേർ മുന്നിലും നിന്ന് തിരക്കുകൂട്ടി അനങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായതായി പുരുഷോത്തമൻ നല്കിയ പരാതിയിൽ പറഞ്ഞിരുന്നു.ഇതിനിടെ പ്രയാസപ്പെട്ട് ഡോറിന്റെ സ്റ്റെപ്പിന് എത്തുന്പോഴേക്കും കൂടെയുള്ള രണ്ടുപേർ മുണ്ടും അടിവസ്ത്രവും ബ്ലേഡ് ഉപയോഗിച്ച് കീറി പണം കവർന്നു ബസിൽനിന്ന് ചാടിയിറങ്ങി ഓടുകയായിരുന്നു.
ബസിൽ പോക്കറ്റടി നടത്തി രക്ഷപ്പെട്ട സിദ്ദിഖ് കവർച്ചാ പണം ചെലവഴിച്ചതിനു ശേഷം കണ്ണൂർ നഗരത്തിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ കണ്ണൂരിലെ ഒരു ബാറിനു പരിസരത്തു വച്ചാണ് സിദിഖിനെ കസ്റ്റഡിയിൽ എടുത്തത്.
സിദ്ദിഖ് കണ്ണൂർ ടൗൺ ഉൾപ്പെടെ വിവിധസ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു. ഏതാനും വാറണ്ട് കേസുകളിൽ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. സിദ്ദിഖിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഘത്തിലെ രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്. പോക്കറ്റടിച്ച പണം ഇവർ പങ്കിട്ടിടെടുത്തായും പോലീസ് പറഞ്ഞു.