ന്യൂഡൽഹി: കുട്ടികൾക്കെതിരേയുള്ള ലൈംഗിക പീഡനത്തിനു വധശിക്ഷ വരെ ഉയർന്ന ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതിനും കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്ന വ്യവസ്ഥകളും ഭേദഗതി ബില്ലിലുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് അറിഞ്ഞിട്ടും അതിനെ കുറിച്ച് വിവരങ്ങൾ അറിയിക്കാത്തതു കുറ്റകരമാക്കുന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളെ മാനഭംഗം ചെയ്യുന്നവർക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്ന വിധത്തിൽ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) നിയമത്തിൽ ഭേദഗതി ചെയ്യാമെന്ന് ഇതു സംബന്ധിച്ച കേസിൽ സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസും പുറത്തിറക്കി. ഓർഡിനൻസ് പുറത്തുവന്നിട്ടും കുട്ടികൾക്കെതിരേ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതിനെ തുടർന്നാണ് കർശനമായ കൂടുതൽ വ്യവസ്ഥകൾ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയത്.
നിലവിലുള്ള പോക്സോ നിയമത്തിലെ നാല്, അഞ്ച്, ആറ്, ഒൻപത്, 14, 15, 42 എന്നി വകുപ്പുകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. നാല്, അഞ്ച്, ആറ് വകുപ്പുകളിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും ഉയർന്ന ശിക്ഷ വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നു. 14, 15 വകുപ്പുകളിലാണ് അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരേയുള്ള നടപടികൾ. വലിയ തോതിലുള്ള പിഴ ഈടാക്കുന്നതും ജയിൽ ശിക്ഷയും പുതുക്കിയ വകുപ്പുകളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.