ജെറി എം. തോമസ്
കൊച്ചി: അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 13,497 പോക്സോ കേസുകൾ. ഈ വർഷം സെപ്റ്റംബർ വരെയുള്ള കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകളും ചേർത്താണ് ഇത്രയധികം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാളയാർ കേസിന് പിന്നാലെ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാനത്ത് ഉയർന്നുവരുന്നതിനിടെ, ഇത്തരം കേസുകളുടെ വർധനയിൽ ആശങ്ക പ്രകടിപ്പിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകളും സജീവമായി.
വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഓരോ വർഷവും നൂറിലധികം കേസുകളുടെ വർധനയുണ്ടാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ഈ വർഷം സെപ്റ്റംബർ വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് 2514 കേസുകളാണ്.
2018ൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളിൽ നിന്ന് ഈ വർഷം 239 കേസുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. അതിനിടെ സംസ്ഥാനത്ത് ഇത്തരം കേസുകൾ പെരുകുന്നതിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി നിരവധി സംഘടനകളാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.
2014 ൽ 1402 കേസുകളാണ് പോക്സോ കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ 2015 ൽ 181 കേസുകൾ വർധിച്ച് 1583 ആയി. 2016 ൽ 2122 ഉം 2017 ൽ 2697 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015 മുതൽ 2017 വരെയുള്ള രണ്ടു വർഷത്തെ കാലയളവിൽ 1114 കേസുകകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് പോലീസിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
2018 ൽ 482 കേസുകൾകൂടി വർധിച്ച് ആകെ കേസുകൾ 3179 ആയി ഉയർന്നു. പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണെങ്കിലും പുറംലോകം അറിയാതെ പോകുന്ന നിരവധി കേസുകൾ ഉണ്ടെന്നാണ് ഇത്തരം കേസുകളിൽ പ്രതിഷേധവുമായി എത്തുന്നവർ പറയുന്നത്. അതീവ ഗുരുതരമായ തെറ്റുകൾ ചെയ്തിട്ടും നിരവധി പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.
ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 342 കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറത്താണ് സംസ്ഥാനത്തെ ഏറ്റവുമധികം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 309 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരവും 239 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട എറണാകുളവുമാണ് തെട്ടുപിന്നിൽ. 81 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള പത്തനംതിട്ടയിലാണ് കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിബിസിഐഡിയിൽ ഒരു കേസും റെയിൽവേയിൽ നാല് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ പോക്സോ കേസുകളിൽ പിടിയിലാകുന്നവർക്ക് വിദേശ രാജ്യങ്ങളിലേതിനു സമാനമായ കടുത്ത ശിക്ഷാനടപടികൾ നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരായി ശബ്ദമുയർത്തുന്നവർ പറയുന്നത്. കുറ്റക്കാർക്ക് നമ്മുടെ രാജ്യത്ത് നൽകുന്ന ശിക്ഷ പോരായെന്നും ഇതിന് മാറ്റമുണ്ടായാൽ ഇതുപോലുള്ള കേസുകളിൽ കാര്യമായ മാറ്റം വരുമെന്നുമാണ് ഇവർ പറയുന്നത്.