കടയ്ക്കാവൂര്‍ പോക്സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് കുറ്റാരോപിതയായ യുവതി. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. വിവാഹ മോചനം സംബന്ധിച്ച് കേസ് നടക്കുകയാണ്.
മക്കളെ ആവശ്യപ്പെട്ടതിന്റെ വാശി ഭര്‍ത്താവിനുണ്ടായിരുന്നു. തനിക്കുവേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തു വരണമെന്നും ജാമ്യം ലഭിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ യുവതി പറഞ്ഞു.
‘ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് എന്നെ കൊണ്ടുപോയത്. എനിക്കെതിരെ മകന് പരാതി നല്‍കിയെന്നായിരുന്നു അവര്‍ അറിയിച്ചത്. പിന്നീടാണ് എന്നെ റിമാന്‍ഡ് ചെയ്യുകയാണെന്ന് മനസിലായത്.
അപ്പോള്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും സ്റ്റേഷനു പുറത്തുണ്ടായിരുന്നു. വിവാഹമോചനം സംബന്ധിച്ച കേസ് കുടുംബകോടതിയില്‍ നടക്കുകയാണ്. എന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് വിളിപ്പിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന മകനെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് പോകാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്തു വില കൊടുത്തും എന്നെ ജയിലിലാക്കി അവനെ കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. എന്നെയും മക്കളെയും ഭര്‍ത്താവ് മര്‍ദ്ദിക്കുമായിരുന്നു. കോടതിയില്‍ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള മാനസികാവസ്ഥയില്ല.
പൊലീസ് കാര്യങ്ങള്‍ വളച്ചൊടിച്ചോ എന്നൊന്നും അറിയില്ല. മകന് നല്‍കിയിരുന്നത് അലര്‍ജിക്കുള്ള മരുന്നാണ്. അറസ്റ്റിനുശേഷം മോശം അനുഭവമില്ല. ജയിലില്‍ ഉള്‍പ്പെടെ നല്ല പെരുമാറ്റമാണുണ്ടായത്. സത്യം പുറത്തുകൊണ്ടുവരണമെന്നാണ് എല്ലാവരും പറയുന്നത്.
അതു തന്നെയാണ് പ്രതീക്ഷ. വനിത ഉദ്യോഗസ്ഥ അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. എനിക്കുവേണ്ടി മാത്രമല്ല, എല്ലാ അമ്മമാര്‍ക്കുംവേണ്ടി സത്യം പുറത്തുവരണം’ യുവതി പറഞ്ഞു. കേസിന്റെ തുടക്കത്തില്‍ തന്നെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.