പാവറട്ടി: വിനോദയാത്രയ്ക്കു പോയ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് ഇരുപത്തൊന്പതര വർഷം തടവുശിക്ഷയും 2.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
പാവറട്ടി പുതുമനശേരി സ്കൂളിലെ മോറൽ സയൻസ് അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ അബ്ദുൽ റഫീഖിനാണ്(44) കോടതി ശിക്ഷ വിധിച്ചത്.
2012 ൽ സ്കൂളിൽനിന്നു പിക്നിക്കിനുപോയി തിരിച്ചുവരുന്ന സമയത്തു ബസിന്റെ പിറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി.
കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
പാവറട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. രമേശും ഇൻസ്പെക്ടറായ എ. ഫൈസലുമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയ്ക്കിടെ സാക്ഷികളായ അധ്യാപകർ സമ്മർദങ്ങളെത്തുടർന്നു കൂറുമാറിയിരുന്നു.പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.