കോഴിക്കോട്: ഗുരുതരമായ സാന്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം.
തോമസിനെ ഒരു വർഷത്തേക്ക് പാർട്ടി സസ്പെൻഡു ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്.
ജോർജ് എം. തോമസിനെതിരേ സിപിഎം റിപ്പോർട്ടിൽ പറയുന്ന വിഷയങ്ങൾ കോണ്‍ഗ്രസ് വർഷങ്ങളായി ഉന്നയിക്കുന്നതാണെന്നും കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി ജോർജ് എം. തോമസിനെതിരേ പോലീസിൽ ഉടൻ പരാതി നൽകുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു.
നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പുറത്തുവരുമെന്നും പ്രവീണ്‍കുമാർ പറഞ്ഞു.
പോക്സോ കേസ് പ്രതികളെ രക്ഷിക്കാൻ പോലീസുമായി ജോർജ് എം. തോമസ് ഒത്തുകളിച്ചുവെന്നാണ് കെ. പ്രവീണ്‍കുമാറിന്റെ ആരോപണം.
തിരുവന്പാടി എംഎൽഎ ആയിരുന്ന സമയത്ത് കൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉൾപ്പെട്ട പോക്സോ കേസ് അന്വേഷണം ജോർജ് എം. തോമസ് ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് ആരോപണം.
വയനാട്ടിലെ ഒരു റിസോർട്ടിൽ നടന്ന കൂട്ട ബലാത്സംഗകേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പ്രമുഖരെ രക്ഷിക്കാനാണത്രെ പോലീസുമായി സിപിഎം നേതാവ് ഒത്തുകളിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കി- കെ. പ്രവീണ്‍കുമാർ ആരോപിച്ചു.