ചാവക്കാട്: വ്യത്യസ്ത കേസുകളിൽ പോക്സോ വകുപ്പ് ചുമത്തി രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു.
ഒന്‍പതു വയസുള്ള ആണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് ആദ്യത്തെ അറസ്റ്റ്. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ അബ്ബാസ്(56) ആണ് അറസ്റ്റിലായത്.
കുട്ടികളോടു മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. സെൽവരാജ്,എസ്.ഐ. എസ്. സിനോജ്, കെ. സുനു, വനിതാ പോലീസ് ഓഫീസർ സൗദാമിനി, സിപിഒമാരായ മുനീർ, ജയകൃഷ്ണൻ, പ്രദീപ്, റെജിൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി മോർഫ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് രണ്ടാമത്തെ പോക്സോ അറസ്റ്റ്.
എടക്കഴിയൂർ കാജാ സെന്റർ തിരുത്തിക്കാട് പിലാക്കൽ വീട്ടിൽ ഷഹീൻ(21) ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറി പെണ്‍കുട്ടിയുടെ ഒരു പവൻ വരുന്ന സ്വർണമാല കൈക്കാലക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പോലീസ് ഓഫീസർ ഷൗജിത്ത്, സിപിഒ മാരായ എസ്. ശരത്ത്, കെ. ആശിഷ്, പ്രദീപ്, ഷാരോണ്‍, ബിനിൽ, ബൈജു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.