അടൂർ: പതിനാലുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം അധിക കഠിനതടവും 1,21,000 രൂപ പിഴയും. അടൂർ അതിവേഗത കോടതി ജഡ്ജി റ്റി. മഞ്ജിത്തിന്റേതാണ് വിധി.
ഏനാദിമംഗലം സ്വദേശിയും പുനലൂർകരവാളൂർ മാത്രയിൽ ഫൗസിയ മാൻസിലിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ആർ. അജിത്തിനെയാണ് (23) കോടതി ശിക്ഷിച്ചത്. വിവാഹ വാഗ്ദാനം നൽകി അതിജീവിതയെ ദിവസ ങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ്.
അടൂർ എസ്എച്ച്ഒ ആയിരുന്ന റ്റി.ഡി. പ്രജീഷ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി ആർ. ബിനു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെയും 45 രേഖകളും ഹാജരാക്കി. പ്രതി പിഴ ഒടുക്കുന്ന പക്ഷം അതിജീവിതയ്ക്കു ഈടാക്കി നാൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി.
ഇയാൾ നിലവിൽ അടൂർ പോലീസിലെ മറ്റൊരു കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ ജുഡീഷൽ കസ്റ്റഡിയിൽ ജീവപര്യന്തം തടവും 26 വർഷം അധിക കഠിന തടവും പിഴയും ഒടുക്കാനുള്ള ശിക്ഷ അനുഭവിച്ചുവരികയാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി. ജോൺ ഹാജരായി.