പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടിൽ ജോമോൻ കുര്യനാണ് (24) പെരുനാട് പോലീസിന്റെ പിടിയിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാളുകളായി ഇയാൾ പതിനേഴുകാരിയെ പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പെരുനാട് പോലീസ് മൊഴി രേഖപ്പെടുത്തി ബുധനാഴ്ച്ച കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ മൈലപ്ര പള്ളിപ്പടിയിലെ വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്തുനിന്നപ്പോൾ ബൈക്കിലെത്തിയ ജോമോൻ പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു.
പിന്നീട് നിരന്തരം ഇയാൾ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ് തു. തുടർന്ന് ചൊവ്വാഴ്ച പെൺകുട്ടി റാന്നിയിൽ പോയിതിരിച്ചുവരവേ അറയ്ക്കമണ്ണിൽ വച്ച് പിന്തുടർന്ന് ശല്യം ചെയ്തതായും പറയുന്നു.
പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകിയ പെരുനാട് പോലീസ്, പ്രതിയെ ബുധനാഴ്ച വൈകുന്നേരം വീടിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെരുനാട് എസ്ഐ വി.ടി. ലഞ്ചുലാലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരേ വേറെ കേസെടുത്തിട്ടുണ്ട്.