വൈപ്പിൻ:പ്രായപൂർത്തിയാകാത്ത കാഴ്ച വൈകല്യമുള്ള പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ.
കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോൻ (42) നെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ അടുത്തുകൂടിയത്.
ചിത്രികരണത്തിനെന്നു പറഞ്ഞ് ബാലികയെ ചെറായി രക്ത്വേശ്വരി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കുകയായിരുന്നു.
കൂടെ അതിജീവിതയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് റിസോർട്ടിലെ മുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് മാനസികാസ്വാസ്ഥ്യം കാണിച്ച പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞ് വീട്ടുകാർ തിരുവനന്തപുരം ചാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവം നടന്നത് ചെറായിയിലായതിനാൽ കേസ് എടുത്ത ചാല പോലീസ് ഇത് മുനമ്പം പോലീസിനു കൈമാറി. തുടർന്ന് ഇന്നലെ കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ മുനമ്പം സിഐ യു.ബി. വിപിൻകുമാർ, എസ്ഐ ടി.എസ്. സനീഷ് , എഎസ്ഐ കെ.എസ്. സരീഷ്, സിപിഒമാരായ ദേവഷൈൻ, ദീപക്ക് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.