വടകര: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായതിനു പിന്നാലെ പ്രതിയുടെ വീടിനുനേരേ ബോംബ് ആക്രമണം. പുതുപ്പണം കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)നെയാണ് പീഡനക്കേസിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.അബ്ദുൾ റസാഖിന്റെ കുടുംബം വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം.
പേടിച്ചുകരഞ്ഞ പെൺകുട്ടിക്ക് മിഠായി വാങ്ങാൻ പണം നൽകിയ പ്രതി സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുംചെയ്തു.
പിന്നാലെയാണ് അബ്ദുൾ റസാഖിന്റെ വീടിനുനേരേ ആക്രമണമുണ്ടായത്. വീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് അഞ്ച് ജനൽ ഗ്ലാസുകൾ തകർത്തു. വീടിന്റെ മുൻ വാതിലിനും ചെറിയ കേടുപാടുണ്ട്. വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്.