കൊച്ചി: ഇരയെ വിവാഹം ചെയ്തതിനാല്‍ പ്രതിക്കെതിരേയുള്ള കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പോക്സോ നിയമപ്രകാരം 2018ല്‍ തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റീസ് പി. ഗോപിനാഥ് അവസാനിപ്പിച്ചത്.
14 വയസുള്ള കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു 24കാരനെതിരായ പരാതി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം പെണ്‍കുട്ടിക്ക് വിവാഹപ്രായമായതോടെ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേസിലെ നടപടികള്‍ കോടതി റദ്ദാക്കി.