അടൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിയ്ക്കു 104 വർഷം കഠിനതടവും 4.20,000 രൂപ പിഴയും. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനിൽ വിനോദിനെ (32) യാണ് അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം 26 മാസം കൂടി അധിക തടവ് അനുഭവിക്കണം. കുട്ടിയുടെ സഹോദരി മൂന്നര വയസുകാരിയെ വിനോദ് നേരത്തെ പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു എട്ടുവയസുകാരി.
മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ 11ന് ഇതേ കോടതി ഇയാളെ നൂറ് വർഷം കഠിനതടവിനും 4.20 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചിരുന്നു.
അടൂർ പോലീസ് ഇയാൾക്കെതിരേ ചാർജ് ചെയ്ത കേസിലാണ് വിധി. സഹോദരിമാരെ പീഡിപ്പിച്ചതിനു രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരുന്നത്.
പ്രതിയുടെ ബന്ധുവായ രാജമ്മയെ കേസിൽ പ്രതി ചേർത്തിരുന്നു. വിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നതായിരുന്നു കുറ്റം. ഇവരെ താക്കീത് നൽകി കോടതി വിട്ടയച്ചു.