പാലക്കാട്: പ്രായ പൂർത്തിയാകാത്ത ഭിന്നശേഷിയുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കുനിശേരി കൂട്ടാല കല്ലംപറന്പ് സന്തോഷിനെയാണ് (35) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിനതടവിന് ശിക്ഷിക്കാനും ജഡ്ജി സഞ്ജു ഉത്തരവിട്ടു.
കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ബാലനെ പ്രതിയുടെ വീടിനകത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്ഐ ആയിരുന്ന എം.ആർ. അരുണ്‍കുമാർ, സിഐ റിയാസ് ചക്കേരി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി.