പത്തനംതിട്ട: അഞ്ചാംക്ലാസ് വിദ്യാർഥിനിയെ സ്കൂൾവിട്ടു വരുന്ന വഴിയിൽ ഓട്ടോറിക്ഷയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. വള്ളംകുളം പടിഞ്ഞാറുമുറിയിൽ കരുവള്ളിപ്പാറ കൊച്ചീത്രയിൽ ഷാജിയെ(ബിനു – 48)യാണ് പത്തനംതിട്ട പോക്സോ സ്പെഷൽ ജഡ്ജ് ഡോണി തോമസ് വർഗീസ് ട്രിപ്പിൾ ജീവപര്യന്തം തടവിനും 3.5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതി ശിഷ്ടകാലം മുഴുവൻ തടവുശിക്ഷ അനുഭവിക്കണമെന്ന് ശിക്ഷാവിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.
2017-18 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ദിവസേന ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി സ്കൂൾ അധികൃതർ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. മടക്കയാത്രയിൽ മറ്റു കുട്ടികളെ എല്ലാം അതതു സ്ഥലങ്ങളിൽ ഇറക്കിയശേഷം പെൺകുട്ടിയെ പ്രതി തന്റെ മടിയിലിരുത്തി വിജനമായ സ്ഥലങ്ങളിലൂടെ വാഹനം ഓടിച്ചാണ് ഉപദ്രവിച്ചതെന്ന് പറയുന്നു.
പെൺകുട്ടിയുടെ വീട് കഴിഞ്ഞിട്ടും കുട്ടിയെ ഇറക്കാതെ ഓട്ടോയിൽ ചുറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് വിവിധ ദിവസങ്ങളിൽ നടന്ന പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. മാതാപിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, പെൺകുട്ടിയുടെ വസ്ത്രങ്ങളിൽനിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷന് അനുകൂലമായി.
കൂടാതെ മാതാപിതാക്കളുടെ പരാതിയിൻമേൽ, സ്കൂൾ അധികൃതർ കുട്ടികളെ കൊണ്ടുവരുന്ന ചുമതലയിൽനിന്നും ഇയാളെ നീക്കംചെയ്തപ്പോൾ സ്വന്തം കൈപ്പടയിൽ കുറ്റം സമ്മതിച്ചുകൊണ്ട് സ്കൂൾ മാനേജ്മെന്റിന് ഷാജി നൽകിയ അപേക്ഷയും വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂല ഘടകമായി മാറി. തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി. രാജപ്പനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല.