ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരുടെ സമ്മതം നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ലെന്ന് ഡൽഹി ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ആധാർ കാർഡിൽ കുട്ടിയുടെ ജനനത്തീയതി മാറ്റുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ആധാർ കാർഡിൽ പെൺകുട്ടിയുടെ ജനനതീയതിയിൽ മാറ്റം വരുത്തിയ പ്രതിയുടെ പെരുമാറ്റം ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതിയിൽ നിന്നും ആനുകൂല്യം നേടാനാണ് പ്രതി ആധാർ കാർഡിൽ മാറ്റം വരുത്തിയത്. അതുതന്നെ പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് തെളിയിക്കുന്നെന്നും കോടതി വ്യക്തമാക്കി.
2019ലാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുമാണ് 16കാരിയായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. പിന്നീട് പോലീസ് പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
പെൺകുട്ടി, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ, ഇയാൾ തന്റെ കാമുകനാണെന്നും ഒന്നര മാസത്തോളം തങ്ങൾ ഒരുമിച്ച് താമസിച്ചുവെന്നും പറഞ്ഞു.
തന്റെ സമ്മതത്തോടെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും ഒന്നിച്ചു താമസിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി മജിസ്ട്രേറ്റിനോടു പറഞ്ഞു.
എന്നാൽ, സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക്16 വയസായിരുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിയുടെ ജാമ്യം തള്ളിയത്.