പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കല്‍ ജോഷ്വാ (ലാലു) യെയാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവുംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2022 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം.
വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി.