സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 2.4 ശതമാനം പേരെ മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണെന്ന് വ്യക്തമാകുന്നത്.
2016 മുതല്‍ 2021 ഒക്ടോബര്‍ മൂന്നുവരെ സംസ്ഥാനത്ത് 14,496 പോക്സോ കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളിലെ പ്രതികള്‍ക്കെതിരേ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.
2016 ല്‍ 2026 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ 196 കേസുകള്‍ മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടത്. 2017 ല്‍ 2,536 കേസുകളില്‍ 124 കേസുകളും 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ച 2,993 കേസുകളില്‍ 67 ഉം 2019 ല്‍ 3,368 കേസുകളില്‍ 24 ഉം 2020 ല്‍ 2,581 കേസുകളില്‍ ആറ് കേസുകളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഈ വര്‍ഷം 992 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒറ്റക്കേസിലെ പ്രതികള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 17,198 കേസുകളാണ്. ഇതില്‍ 2,702 കേസുകളില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.
അതേസമയം മുന്നിലെത്തുന്ന പോക്സോ പരാതികളിലേറെയും വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പോലും സാധിക്കാതെയാണ് പലപ്പോഴും പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മതിയായ തെളിവുകളുടെ അഭാവം കാരണം പോലീസുകാരാണ് പ്രതിസ്ഥാനത്താവുന്നത്.
ഫോറന്‍സിക് ലാബുകളില്‍ നിന്ന് സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതും കേസുകള്‍ ശിക്ഷിക്കാതെ തള്ളിപോവുന്നതിന് കാരണമാവുന്നുണ്ട്.
കോഴിക്കോട് സിറ്റിയില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയില്‍ യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ തടവുകാരന് ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
വ്യാജ പരാതിയില്‍ കേസെടുത്ത പോലീസിനെതിരേ അന്ന് രൂക്ഷവിമര്ശനമായിരുന്നുള്ളത്. കണ്ണൂര്‍ റേഞ്ച് ഐജി കെ.സേതുരാമന് ഏതാനും മാസം മുമ്പ് പോക്സോ കേസില്‍ യുവാവിനെ പ്രതിചേര്‍ത്ത നടപടിക്കെതിരേ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത യുവതിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു ‘ഭര്‍ത്താവിനെ’ പ്രതിയാക്കിയത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും നടക്കുന്നുണ്ട്.
നിയമപരമായി തെറ്റാണെങ്കിലും ഇത്തരം കേസുകളില്‍ പോക്സോ നിയമം ചുമത്തി യുവാവിനെ റിമാന്ഡിലാക്കുക വഴി കുടുംബത്തിന്റെ ഉപജീവനം താറുമാറാകും.
ഈ സാഹചര്യത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചശേഷം നടപടി സ്വീകരിക്കാനാണ് പോലീസിന് നല്കിയ നിര്‍ദേശം. എന്നാല്‍ പലപ്പോഴും സമ്മര്‍ദത്തിനും മറ്റും വഴങ്ങിയാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്നാണ് പറയുന്നത്.