കൊച്ചി: സംസ്ഥാനത്ത് കുട്ടികള്ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളില് (പോക്സോ കേസ്) വര്ധന. സംസ്ഥാന ക്രൈം റിക്കാര്ഡ്സ് ബ്യൂറോയുടെ കണക്കുകള് പ്രകാരം 2024 ഒക്ടോബര് വരെ 3782 കേസുകളാണ് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര് ചെയ്തിരിക്കുന്നത്.
പോക്സോ കേസുകള് കൂടുതലായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഈ വര്ഷം ഒക്ടോബര് വരെ 425 കേസുകള് റിപ്പോര്ട്ട് ചെയ്തു. 337 കേസുകളുമായി തിരുവനന്തപുരം റൂറലാണ് രണ്ടാം സ്ഥാനത്ത്.
249 കേസുകളുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്തുള്ളത്. എറണാകുളം സിറ്റിയില് 131 ഉം എറണാകുളം റൂറലില് 225 കേസുകളും റിപ്പോര്ട്ട് ചെയ്യപ്പെട്ടു. റെയില്വേ പോലീസ് 11 കേസുകളാണ് രജിസ്റ്റര് ചെയ്തത്.
2023 ഡിംസബര് വരെയുള്ള കണക്കുകള് പ്രകാരം 4,641 പോക്സോ കേസുകള് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യുകയുണ്ടായി ആ വര്ഷം മലപ്പുറം ജില്ലയില് 507 പോക്സോ കേസുകളുണ്ടായി. 407 കേസുകളുമായി തിരുവനന്തപുരം റൂറലും 325 കേസുകളുമായി എറണാകുളം റൂറലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.
2022 ല് സംസ്ഥാനത്തുണ്ടായത് 4,518 പോക്സോ കേസുകളായിരുന്നു. അന്ന് മലപ്പുറത്ത് നിന്ന് 526 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 430 കേസുകളുമായി തിരുവനന്തപുരം റൂറലും 269 കേസുകളുമായി എറണാകുളം റൂറലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.
- സീമ മോഹന്ലാല്