കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില് നടന് കൂട്ടിക്കല് ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില് കഴിഞ്ഞശേഷമാണ് ജയചന്ദ്രന് പോലീസിനുമുമ്പാകെ ഇന്നലെ എത്തിയത്. സുപ്രീംകോടതി അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്ദേശിച്ചതിനാല് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കസബ സിഐ കിരണ് സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയചന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്ദേശിച്ചിരുന്നു. ജയചന്ദ്രന് അനുകൂലമായി രാഹുല് ഈശ്വര് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ജയചന്ദ്രന്റെ ഭാര്യക്കൊപ്പം രാഹുല് ഈശ്വര് കാലിക്കറ്റ് പ്രസ് ക്ലബില് വാര്ത്താസമ്മേളനം നടത്തും.
അഡ്വ. സഫല് കല്ലാരംകെട്ടിനൊപ്പമാണ് ജയചന്ദ്രന് പോലീസ് സ്റ്റേഷനില് ഹാജരായത്. താന് ആന്ധ്രയിലും കോയമ്പത്തൂരിലുമാണ് ഒളിവില് കഴിഞ്ഞിരുന്നതെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.തന്റെ പേരിലുള്ള കേസില് നിരപരാധിത്വം തെളിയിക്കാന് നുണപരിശോധനയ്ക്കു തയാറാണെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.
കുടുംബത്തില് ചില പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ഇരയില് നടത്തിയ വൈദ്യപരിശോധനയില് അസ്വാഭാവികതയുള്ളതായി സൂചനയുണ്ട്. ജയചന്ദ്രന് അനുകൂലമായി യൂട്യൂബില് കേസിനെക്കുറിച്ച് വാര്ത്ത നല്കിയപ്പോള് ഇരയുടെയും അമ്മയുടെയും പേര് പരാമര്ശിച്ചതിനു യൂട്യൂബര്ക്കെതിരേ കസബ പോലീസ് കേസ് രജിസ്റ്റര് ചെയ്തിരുന്നു.